ഗവര്‍ണറെ തിരിച്ചുവിളിക്കണം: എം.കെ രാഘവന്‍ എം.പി

ഗവര്‍ണറെ തിരിച്ചുവിളിക്കണം: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എം.കെ.രാഘവന്‍ എം.പി. ലക്കും ലഗാനുമില്ലാത്ത രീതിയില്‍ എന്തും പറയുന്ന മനുഷ്യനായി അദ്ദേഹംമാറി. മാധ്യമങ്ങളെ വെല്ലുവളിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് ഗെറ്റൗട്ട് പറയുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ വലുപ്പം അദ്ദേഹം അറിയാതെപോയെന്നും ഒട്ടേറെ പ്രഗത്ഭമതികള്‍ ഇരുന്ന കസേരയാണതെന്ന് ഓര്‍ക്കണമെന്നും എം.കെ.രാഘവന്‍ പറഞ്ഞു. മീഡിയവണ്‍, കൈരളി ചാനല്‍ ലേഖകരെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ മാധ്യമ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ജില്ല ആസ്ഥാനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തിയത്. ജില്ല പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പ്രദീപ്കുമാര്‍, യൂനിയന്‍ സംസ്ഥാന മുന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടന്‍, ജില്ല വൈസ് പ്രസിസന്റ് മുഹമ്മദ് അസ്ലം, ട്രഷറര്‍ പി.വി നജീബ് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന സമിതി അംഗങ്ങളായ ഋതികേഷ്, കൃപ നാരായണന്‍, പി.പി.ജുനൂബ്, ജില്ലാ നേതാക്കളായ വിധുരാജ്, ടി. മുംതാസ്, നിസാര്‍ കൂമണ്ണ, സി. ആര്‍ രാജേഷ്, കെ.എസ്. രേഷ്മ, കെ.എസ്. ചിഞ്ചു, അമര്‍ജിത്ത്, പി.കെ.സജിത്ത് നേത്യത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *