സി.ബി.ഐക്ക് വിവരാവകാശ നിയമപ്രകാരം അന്വേഷണ റിപ്പോര്‍ട്ടുകളോ വിവരങ്ങളോ നല്‍കാന്‍ ബാധ്യതയില്ല: ഹൈക്കോടതി

സി.ബി.ഐക്ക് വിവരാവകാശ നിയമപ്രകാരം അന്വേഷണ റിപ്പോര്‍ട്ടുകളോ വിവരങ്ങളോ നല്‍കാന്‍ ബാധ്യതയില്ല: ഹൈക്കോടതി

കൊച്ചി: വിവരാവകാശ നിയമ പ്രകാരം സ്വകാര്യ ആവശ്യങ്ങള്‍ക്കായി അന്വേഷണ റിപ്പോര്‍ട്ടുകളോ അന്വേഷണ വിവരങ്ങളോ കൈമാറാന്‍ സി.ബി.ഐക്ക് ബാധ്യതയില്ലെന്ന് ഹൈക്കോടതി. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതിയുടെ നടപടി.

സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് റിട്ട. ഓഫിസറായ എസ്. രാജീവ് കുമാറിന്റെ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ സി.ബി.ഐ നിരസിച്ചതിനെതിരേയാണ് രാജീവ് കുമാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

2012ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെ രാജീവ് കുമാര്‍ ഒരു കേസില്‍ പ്രതിയായിരുന്നു. ബാഗേജുകള്‍ ശരിയായി പരിശോധിക്കാതെ സാമ്പത്തിക താല്‍പര്യത്തില്‍ വിട്ടുനല്‍കി എന്നായിരുന്നു കേസ്. ഇതിനെത്തുടര്‍ന്ന് വിരമിച്ചിട്ടും രാജീവ് കുമാറിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ല. ഇത് സംബന്ധിച്ച് സി.ബി.ഐ കേസ് അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രധാനപ്പെട്ട തെളിവായതിനാല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് രാജീവ് കുമാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും സി.ബി.ഐ നിരസിച്ചു. ഹൈക്കോടതി സിംഗിള്‍ബെഞ്ചും ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് രാജീവ് കുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സി.ബി.ഐ, എന്‍.ഐ.എ, ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും പൊതുതാല്‍പര്യമില്ലാത്ത വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നുമാണ് നിയമത്തില്‍ പറയുന്നതെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് രാജീവ് കുമാറിന്റെ ഹരജി കോടതി തള്ളിയത്. സിംഗിള്‍ബെഞ്ച് ഉത്തരവില്‍ തെറ്റോ നിയമപരമായ അപാകതയോ ഇല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

Share

Leave a Reply

Your email address will not be published. Required fields are marked *