മുന്നോക്ക സംവരണം സുപ്രീം കോടതി ശരിവച്ചു; പരിഗണിച്ചത് 39 ഹരജികള്‍

ന്യൂഡല്‍ഹി: മുന്നോക്ക ജാതിയിലെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തിയ ഭരണഘടനയുടെ 103ാം ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഇതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ ഭരണഘടനാ ബെഞ്ച് വിധിയെഴുതി. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് പേരും സാമ്പത്തിക സംവരണത്തെ പിന്തുണച്ച് കൊണ്ട് വിധിയെഴുതിയപ്പോള്‍ രണ്ട് ജഡ്ജിമാര്‍ മാത്രമാണ് വിയോജന വിധിയെഴുതിയത്. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല, ജസ്റ്റിസ് ഭേല എം. ത്രവേദി എന്നിവര്‍ സാമ്പത്തിക സംവരണത്തെ പിന്തുണച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് ഇതിനെ എതിര്‍ത്തത്.

2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുവദിച്ചതിനെതിരേ 39 ഹരജികളാണ് കോടതി പരിഗണിച്ചത്. സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമാണ് ഹരജിക്കാരുടെ വാദം കോടതി തള്ളി. സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നോക്ക സംവരണം അനുവദിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. പിന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നോക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *