മുജാഹിദ് 10ാം സംസ്ഥാന സമ്മേളനം ഡിസംബറില്‍ കോഴിക്കോട്ട്

മുജാഹിദ് 10ാം സംസ്ഥാന സമ്മേളനം ഡിസംബറില്‍ കോഴിക്കോട്ട്

കോഴിക്കോട്: ‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ മുജാഹിദ് 10ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 29 മുതല്‍ 2023 ജനുവരി ഒന്നുവരെ കോഴിക്കോട്ട് നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വപ്‌നനഗരിയിലും കടപ്പുറത്തുമായി നടക്കുന്ന ചതുര്‍ദിന സമ്മേളത്തിന്റ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി പറഞ്ഞു.
അഞ്ചുവര്‍ഷം കൂടുമ്പോഴാണ് മുജാഹിദ് പ്രസ്ഥാനത്തിലെ എല്ലാ ഘടകങ്ങളും ചേര്‍ന്ന് സമ്മേളനം സംഘടിപ്പിക്കുന്നത്. 1979ല്‍ പുളിക്കലില്‍ നിന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനങ്ങള്‍ ഫറോക്ക് , കുറ്റിപ്പുറം, പാലക്കാട് , പിലാത്തറ എറണാകുളം, ചങ്ങരംകുളം, കോഴിക്കോട് അഴിഞ്ഞിലം, കൂരിയാട്
എന്നീ സ്ഥലങ്ങളിലാണ് ഇതിന് മുമ്പ് നടന്നത്. ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകള്‍ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാന്‍ കഴിയുക എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുല്ലകോയ മദനി ചൂണ്ടിക്കാട്ടി.
വര്‍ഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകര്‍ക്കുകയും ചെയ്യും. ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്. കോഴിക്കോട് സ്വപ്‌നനഗരിയില്‍ പ്രത്യേകം സജ്ജമാക്കുന്ന പന്തലില്‍ വച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്റര്‍ രണ്ടാം വേദിയായിരിക്കും. നാലു വേദികളിലാണ് സെമിനാറുകളും ചര്‍ച്ചകളും നടക്കുക. ജനുവരി ഒന്നിന് ഞായറാഴ്ച നാലുമണിക്ക് കോഴിക്കോട് കടപ്പുറത്താണ് സമാപന സമ്മേളനം നടക്കുക. ലോകപ്രശസ്ത പണ്ഡിതരും നേതാക്കളും ചതുര്‍ദിന സമ്മേളനത്തെ അഭിസംബോധന ചെയ്യും.

കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ചരിത്രപണ്ഡിതര്‍, നിയമജ്ഞര്‍, വിവിധ മതമേലധ്യക്ഷന്മാര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. അന്ധവിശ്വാസങ്ങള്‍, ലഹരി, തീവ്രവാദം, ഫാഷിസം, മതനിരാസം, ലിബറലിസം തുടങ്ങിയ യുവതലമുറയെ ലക്ഷ്യംവച്ച് നീങ്ങുന്ന തിന്മകള്‍ക്കെതിരേ സമ്മേളനത്തില്‍ ബോധവല്‍ക്കരണം നടക്കും. രാജ്യത്തെ ഏറ്റവും ശക്തമായ മതന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലീം സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. സമ്മേളനത്തോടത്തിന്റ ഭാഗമായി ഏറ്റവും വലിയ വനിതാ സമ്മേളനവും ഒരുക്കുന്നുണ്ട്. യുവജന -വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കേണ്ട ദൗത്യം ഓര്‍മിപ്പിക്കുന്ന സെഷനുകള്‍ സമ്മേളനത്തില്‍ ഒരുക്കിയിട്ടുണ്ട്.
മതം, സംസ്‌കാരം, കല , സാഹിത്യം, നവോത്ഥാനം വിദ്യാഭ്യാസം , ചരിത്രം പരിസ്ഥിതി ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍, പുതുതലമുറയുടെ
പ്രതീക്ഷകള്‍, ആരോഗ്യം, പ്രവാസം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില്‍ 300 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി എം.ജി.എം 1000 കുടുംബ സംഗമം ഒരുക്കുന്നുണ്ട്. സാമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സൗഹൃദ സംഗമങ്ങളും സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കെ.എന്‍.എം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആസ്ഥാനകളില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, വൈസ് പ്രസിഡന്റ് പി.കെ അഹമ്മദ്, സെക്രട്ടറി ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, മീഡിയ വിഭാഗം കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *