ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി സജീവമാകണം: പി.വി ഗംഗാധരന്‍

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി സജീവമാകണം: പി.വി ഗംഗാധരന്‍

കോഴിക്കോട് : ആത്മീയയാത്രാ പ്രവര്‍ത്തനങ്ങേളാടൊപ്പം മദ്യം-മയക്കുമരുന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി സജീവമാകണമെന്ന് പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയരക്ടറുമായ പി.വി ഗംഗാധരന്‍. കോഴിക്കോട് ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ഓഫിസില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തില്‍ പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന് ജാതി-മത-കക്ഷി-രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗവും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് സൊസൈറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

ആദ്യം ഓര്‍ഡിനന്‍സും പിന്നീട് സെമിത്തേരി ബില്ലും കൊണ്ടുവന്നിട്ടും വിശ്വാസികളുടെ ശവസംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഓര്‍ത്തോഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ചില പള്ളികളില്‍ തര്‍ക്കങ്ങളും സംഘര്‍ഷവും തുടരുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്‍ നിര്‍ദേശിച്ച ബില്‍ നിയമസഭയില്‍ പാസാക്കി ശാശ്വത പരിഹാരം കാണണമെന്ന് സി.ഇ ചാക്കുണ്ണി ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ സൊസൈറ്റി സമാന സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.വി. ഗംഗാധരനെ ജനറല്‍ കണ്‍വീനര്‍ എം.സി ജോണ്‍സണ്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സി.കെ. ചെറിയാന്‍ (പാലക്കാട്), ആഷിക് സി. ജോര്‍ജ് (തൃശ്ശൂര്‍) ഷാജു സി.മാത്യു ( ചേലക്കര), ജെയിംസ് സി.എം എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.സി ജോണ്‍സണ്‍ സ്വാഗതവും ഖജാന്‍ജി സി.സി മനോജ് നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *