കോഴിക്കോട്: വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഇന്ത്യയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ കൂട്ടായ്മ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍സ് ഓഫ് ഇന്ത്യ (ആര്‍.എസ്.എ.ഐ) രൂപീകരിച്ചു. കോഴിക്കോട് കെ.പി.എം ട്രിപെന്റ ഹോട്ടലില്‍ വച്ച് നടന്ന ഒഫീഷ്യല്‍ ലോഞ്ചിങ് അഡ്വ: പി.ടി റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള അന്‍പതോളം സ്‌കൂളുകളുടെ കൂട്ടായ്മയായ ആര്‍.എസ്.എ.ഐയുടെ പ്രഥമ പ്രസിഡന്റായി ഡോ. മുഈനുദ്ദീന്‍ ഹുദവി (ഡയരക്ടര്‍ സയ്ത്തൂന്‍ ഇന്റര്‍നാഷണല്‍, കോട്ടക്കല്‍), ജനറല്‍ സെക്രട്ടറി അംജദ് വഫ (ഡയരക്ടര്‍ കാലിഫ് ലൈഫ് സ്‌കൂള്‍, താമരശ്ശേരി), ട്രഷററായി യൂസുഫ് കെ.കെ (ഡയരക്ടര്‍ എസ്‌കോളം ഇന്റര്‍നാഷണല്‍)യും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു കമ്മിറ്റി ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്-മുഹമ്മദ് ജലാലുദ്ദീന്‍, അഡ്വ: സി.എസ് ഹാഷിം വഫ, ജോയിന്റ് സെക്രട്ടറി-സഹല്‍ ഇ., മുഹമ്മദ് തസ്‌നീം, എക്‌സിക്യൂട്ടീവ്-റാഷിദ് ഇബ്രാഹിം, അമീര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷന്‍ അംഗങ്ങളായ സ്‌കൂളുകള്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതായുള്ള പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാനേജ്‌മെന്റിനുമായുള്ള പരിശീലന പരിപാടികള്‍, വിദ്യാര്‍ഥികള്‍ക്കായി കലാകായിക മത്സരങ്ങള്‍ എന്നിവ അസോസിയേഷന് കീഴില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്റെ പ്രഥമ സംസ്ഥാന കലോത്സവം സയ്ത്തൂന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അംജദ് വഫ, യൂസുഫ്, മുഹമ്മദ് തസ്‌നീം, സാബിത് എന്നിവര്‍ പങ്കെടുത്തു.