മതമൂല്യം ഊട്ടി വളര്‍ത്തിയാലേ അന്ധവിശ്വാസത്തിന്റെ ചൂഷണം അവസാനിക്കുകയുള്ളൂ: ജമാഅത്തെ അമീര്‍

മതമൂല്യം ഊട്ടി വളര്‍ത്തിയാലേ അന്ധവിശ്വാസത്തിന്റെ ചൂഷണം അവസാനിക്കുകയുള്ളൂ: ജമാഅത്തെ അമീര്‍

 

തലശ്ശേരി: മത വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കാന്‍ യഥാര്‍ഥ മതമൂല്യങ്ങള്‍ ജീവിതത്തിന്റെ സകല മേഖലകളിലും സ്ഥാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. ‘അന്ധ വാശ്വാസങ്ങളെ വിശ്വാസം കൊണ്ട് നേരിടുക ‘ എന്ന പ്രമേയവുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സംഘടിപ്പിച്ച ബഹുജന സംഗമം തലശ്ശേരി പുതിയ ബസ്സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീര്‍. വിശ്വാസത്തിന്റെ മറവില്‍ സാമ്പത്തിക നേട്ടത്തിനും സ്ഥാനലബ്ദിക്കും വേണ്ടിയുള്ള മാഫിയാ സംഘങ്ങളാണ് വളരുന്നതെന്ന് അമീര്‍ പറഞ്ഞു. മത നേതൃത്വം ശുദ്ധമായ വിശ്വാസത്തെ പ്രതിനിധാനം ചെയ്യുകയും പ്രബോധനം നടത്തുകയും ചെയ്യേണ്ട സമയമാണിത്. മതപരിഷ്‌കരണത്തിന്റെ കൂടി നേട്ടമാണ് കേരളം അനുഭവിക്കുന്ന സാംസ്‌കാരിക ഔന്നത്യം. കഴിഞ്ഞകാല മത നേതൃത്വം സാംസ്‌കാരിക കേരളത്തെ കെട്ടിപ്പടുക്കാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആത്മീയത മനുഷ്യന്റെ നൈസര്‍ഗിക വാസനയാണ്. അത് ചൂഷണം ചെയ്യുകയാണ് ചിലര്‍.

മയക്ക് മരുന്നും മദ്യവും കേരളത്തെ തകര്‍ക്കുകയാണെന്ന് കേരള നിയമസഭഐക്യകണ്‌ഠേന ചൂണ്ടി കാണിച്ചു കഴിഞ്ഞു.സാംസ്‌കാരികമായി കേരളം തകരരുത്. പുരോഗമന ചിന്തയും ശാസ്ത്ര ബോധവും മനുഷ്യന്റെ സ്വാര്‍ത്ഥതയെ തളച്ചിടാനാവില്ല എന്നതിന്റെ ഉദാഹരണമാണ്. യുക്തി വാദവും നാസ്തികതാ വാദവും ശുദ്ധമായ യുക്തിരഹിത്യവും അസത്യ പ്രചാരണവുമാണ് നിര്‍വഹിക്കുന്നതെന്നും അന്ധവിശ്വാസത്തിന്റെ പേരില്‍ അവര്‍ മതത്തിനെതിരേ മുതലെടുപ്പ് നടത്തുകയാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് പി.കെ.മുഹമ്മദ് സാജിദ് നദ്‌വി അധ്യക്ഷത വഹിച്ചു. ജമാഅത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍, വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സഫിയ ശറഫിയ്യ, മേഖലാ നാസിം യു.പി സിദ്ദീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.കെ. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.സി. ബഷീര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *