തിരുവനന്തപുരം: കാറില്‍ ചാരി നിന്നതിന് രാജസ്ഥാന് സ്വദേശിയായ ആറ് വയസുകാരനായ കുട്ടിയെ യുവാവ് ആക്രമിച്ച സംഭവത്തില്‍ നിയമപരമായ എല്ലാ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല, എന്തൊരു ക്രൂരതയാണ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്നും നിയമപരമായ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടല്‍ ഉണ്ടാക്കി. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്.
അതേസമയം, സംഭവത്തില്‍ പ്രതി ശിഹ്ഷാദിനെ(20) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു.
തലശേരിയില്‍ തിരക്കേറിയ റോഡില്‍ റോംഗ്സൈഡായി വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന് സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരന് കാറിന് സൈഡില്‍ ചാരിനിന്നു. ഇത് കണ്ടുവന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടി്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്.