തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ കോണ്‍ഗ്രസ് വീണ്ടും രണ്ടുതട്ടില്‍. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള നാടകമാണ് ഈ പോരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍, ഗവര്‍ണര്‍ ഉന്നയിച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട്. ഇതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും വിഭിന്ന ധ്രുവങ്ങളിലാണെന്ന് വ്യക്തമായി. സര്‍വകലാശാല നിയമന വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും ഒരേ പോലെ തോറ്റിരിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.
ഗവര്‍ണറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് വിഷയാധിഷ്ഠിതമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. വി.സി വിഷയത്തില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ കൂട്ടുകെട്ട് പൊളിഞ്ഞതാണ് നിലവിലെ സാഹചര്യത്തിന് കാരണം. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് ഗവര്‍ണര്‍ പറയുന്നതിനും മുന്‍പേ ജനങ്ങള്‍ക്ക് അറിയാമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
അതേ സമയം, ഗവര്‍ണര്‍ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നു. ആരോപിക്കുന്നത് പോലെ താന്‍ ആര്‍.എസ്.എസ് നോമിനിയല്ല. രാജ്ഭവന്‍ ഒരു രാഷ്ട്രീയ നിയമനങ്ങളും നടത്തിയിട്ടില്ല. അങ്ങനെ മുഖ്യമന്ത്രി തെളിയിച്ചാല്‍ താന്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.