വിദ്യാർത്ഥികൾ ആരോഗ്യകരമായ ജീവിത മേഖലകളെ ലഹരിയാക്കണം  മന്ത്രി ഡോ. ആർ. ബിന്ദു

വിദ്യാർത്ഥികൾ ആരോഗ്യകരമായ ജീവിത മേഖലകളെ ലഹരിയാക്കണം മന്ത്രി ഡോ. ആർ. ബിന്ദു

‘പുതുലഹരിക്ക് ഒരു വോട്ട്’ – ‘യാത്ര’യെ ലഹരിയാക്കി വിദ്യാർഥികൾ

കോഴിക്കോട്:ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച ‘പുതുലഹരിക്ക് ഒരു വോട്ട്’ വോട്ടെടുപ്പിൽ ‘യാത്ര’യെ തെരഞ്ഞെടുത്ത് വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫല പ്രഖ്യാപനം നടത്തി. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി അവരുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാൻ വേണ്ടി ആസൂത്രണം ചെയ്യുന്ന നിരവധി പദ്ധതികൾക്ക് തുടക്കമാവട്ടെ ഈ വോട്ടെടുപ്പെന്ന് ഫലപ്രഖ്യാപനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ആരോഗ്യകരമായ ലഹരികളെ സ്വായത്തമാക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും ലഹരി വിരുദ്ധ പ്രചരണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് നിർണ്ണായകമായ പങ്ക് നിർവഹിക്കാനുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെയാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്രമുഖ സഞ്ചാരിയും സംസ്ഥാന സർക്കാറിന്റെ പ്ലാനിങ്ങ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ്ജ് കുളങ്ങര യാത്രയെ ലഹരിയാക്കിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ലഹരിപദാർത്ഥങ്ങൾക്കെതിരെ ജീവിതത്തിന്റെ പലതായ മേഖലകളെ ലഹരിയാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും യാത്രയെ ആളുകൾ ലഹരിയാക്കി സ്വീകരിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ലഹരി പദാർത്ഥങ്ങൾക്കെതിരെ അണിനിരന്ന വിദ്യാർത്ഥികളെ ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി അഭിനന്ദിച്ചു. ലഹരിക്കെതിരെ നിലക്കൊള്ളുന്നവരെന്ന നിലക്ക് വിദ്യാർത്ഥികളെ ‘പുതുലഹരി അംബാസഡർ’ മാരായി പ്രഖ്യാപിച്ചു. സ്വയം ലഹരി ഉപയോഗിക്കാതിരിക്കുകയും വീടുകളിലും ക്യാമ്പസുകളിലും പരിസരങ്ങളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ ഉത്തരവാദിത്വത്തോടെ റിപ്പോർട്ട് ചെയ്തു നൽകണമെന്നും ജില്ലാ കലക്ടർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
ജില്ലയിലെ 200 ലധികം വിദ്യാലയങ്ങളിൽ ക്രമീകരിച്ച 300 ഓളം ബൂത്തുകളിലായി 75000 ത്തിൽ പരം വിദ്യാർത്ഥികൾ വോട്ടെടുപ്പിൽ പങ്കാളികളായപ്പോൾ ആകെ രേഖപ്പെടുത്തിയ വോട്ടിങ്ങ് ശതമാനം 83.14%. 7,999 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 29.20 ശതമാനം വോട്ടുകളോടെ യാത്ര ഒന്നാം സ്ഥാനവും(19993 വോട്ടുകൾ ) 17.52 ശതമാനത്തിന്റെ പിന്തുണയോടെ 11,994 വോട്ടുകളോടെ ഭക്ഷണം രണ്ടാം സ്ഥാനവും 14.56 ശതമാനം വോട്ടുകളോടെ സൗഹൃദം മൂന്നാം സ്ഥാനവും നേടി. ഫറോക്ക് എച്ച്.എസ്.എസ് (90.78%), വകയാട് എൻ.എച്ച്.എസ്.എസ്. (85.61%), കൊടുവള്ളി ഗവ. എച്ച്.എസ്.എസ്. (84.51%), കുറ്റ്യാടി എച്ച്.എസ്.എസ്. (83.30%), നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ (82.23%) എന്നീ ബൂത്തുകൾ ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തി.
ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്‌റഫ് കാവിൽ, ചലച്ചിത്ര സംവിധായകൻ ജിയോ ബേബി, അഭിനേതാവും ബോഡി ബിൽഡറുമായ അബു സലിം, ആർട്ടിസ്റ്റ് മിനോൺ, ആൽമരം ബാൻഡ് ഗായകൻ പ്രണവ്, എഴുത്തുകാരി ഇന്ദു മേനോൻ, ഫുഡ് വ്‌ലോഗർ ബാസിം, ഐ. പി. എം ഡയറക്ടർ ഡോ. അൻവർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിൽ ഉയരുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാ ഭരണകൂടം നടപ്പിൽ വരുത്തുന്ന ലഹരി വിരുദ്ധ- അവബോധ പരിപാടിയായ ‘പുതുലഹരിയിലേക്ക്’ ഭാഗമായാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ശരീരത്തിനും മനസ്സിനും ഹാനികരമായ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിച്ച് ജീവിതം തന്നെ ലഹരിയാക്കൂ, ഗുണപരവും ആരോഗ്യകരമായ മേഖലകളെ ലഹരിയായി കണ്ടെത്തൂ എന്ന ആശയമാണ് ‘പുതുലഹരിയിലേക്ക്’ പദ്ധതി മുന്നോട്ട് വെക്കുന്നത്

 

Share

Leave a Reply

Your email address will not be published. Required fields are marked *