സി.പി.എം അറിയാതെയാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത്; തീരുമാനം പരിശോധിക്കും: എം.വി ഗോവിന്ദന്‍

സി.പി.എം അറിയാതെയാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത്; തീരുമാനം പരിശോധിക്കും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ തീരുമാനം പാര്‍ട്ടി അറിഞ്ഞില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുറന്നുപറഞ്ഞു.

‘ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാര്‍ട്ടിക്ക് അറിയില്ല. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കും”- എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ഭരണമുന്നണിയിലെ യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തിയതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഒക്ടോബര്‍ 29ലെ ഉത്തരവ് മരവിപ്പിച്ചു. തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടി ഫോറത്തിലും ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ യുവജന സംഘടനകള്‍ ഇതിനെ എതിര്‍ത്തു. അവരുടെ എതിര്‍പ്പ് തെറ്റെന്ന് പറയാനാവില്ല എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ആയതുകൊണ്ടുതന്നെയാണ് അതു പിന്‍വലിക്കേണ്ടി വന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്നു തന്നെയാണ് പാര്‍ട്ടി നിലപാടെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണോ സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു തനിക്കറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *