കോഴിക്കോട്: മികവുറ്റ സേവനപ്രവര്‍ത്തനത്തിനുള്ള 2022ലെ ലാലി സേവ്യര്‍ ചാരിറ്റബില്‍ ട്രസ്റ്റ് അവാര്‍ഡ് വെള്ളിപറമ്പ് സ്വദേശി എന്‍.പങ്കജത്തിന്. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏഴിന് ഹോട്ടല്‍ അളകാപുരിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.വി ശ്രേയാംസ് കുമാറിന്റെ സാന്നിധ്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ ഫാ. ജോണ്‍ മണ്ണാറത്തറ അവാര്‍ഡ് പങ്കജത്തിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിമാട്കുന്ന് വാപ്പോളിത്താഴത്ത് ബൈപാസില്‍ മൂന്ന് വനിതകള്‍ക്കൊപ്പമാണ് പങ്കജം വനിതാമെസ് നടത്തുന്നത്. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനിന്ന് ഇവര്‍ നടത്തുന്ന സംരംഭം വനിതകള്‍ക്കും പൊതുസമൂഹത്തിനും മാതൃകാപരമാണെന്നതുകൊണ്ടാണ് ഇവരെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വനിതാ സംരംഭക എന്ന നിലക്ക് നിരവധി കുടുംബങ്ങള്‍ക്കും ജീവിതമാര്‍ഗം കണ്ടെത്താന്‍ സാധിച്ചത് മാതൃകാപരമാണ്. ഇവരുടെ വനിതാ മെസ്സിനെക്കുറിച്ച് സമൂഹത്തില്‍ മികച്ച അഭിപ്രായമാണുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്മാന് പി.ബാലകൃഷ്ണന്, മാനേജിങ് ട്രസ്റ്റി പ്രൊഫ. പി.ഐ ജോണ്‍, ട്രസ്റ്റി മെമ്പര്‍മാരായ ഡോ.സി. ശ്രീകുമാര്‍, പ്രൊഫ. വി.ടി തോമസ് എന്നിവര്‍ പങ്കെടുത്തു.