കെ.പി കേശവമേനോന്‍ പുരസ്‌കാരം ഗോപിനാഥ് ചേന്നരക്ക്

കെ.പി കേശവമേനോന്‍ പുരസ്‌കാരം ഗോപിനാഥ് ചേന്നരക്ക്

കോഴിക്കോട്: സാമൂഹ്യപരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയും ‘മാതൃഭൂമി’ സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി കേശവമേനോന്റെ സ്മരണാര്‍ഥം കെ.പി കേശവമേനോന്‍ സ്മാരക സമിതി നല്‍കിവരുന്ന പുരസ്‌കാരത്തിന് വാഗ്മിയും കല-സാംസ്‌കാരിക പ്രവര്‍ത്തകനും മഹാകവി വള്ളത്തോള്‍ സ്മാരക കലാ-സാംസ്‌കാരിക ചെയര്‍മാനുമായ ഗോപിനാഥ് ചേന്നരെയെ തിരഞ്ഞെടുത്തു. 25000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങന്നതാണ് പുരസ്‌കാരം.

ആറു പതിറ്റാണ്ടുകാലത്തെ ഗോപിനാഥ് ചേന്നരയുടെ സേവന പ്രവര്‍ത്തനത്തിന് നിരവധി ബഹുമതികളും അംഗീകരാങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മികച്ച സാക്ഷരതാ പ്രവര്‍ത്തകനുള്ള പുരസ്‌കാരം, വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് 2007ല്‍ കാന്‍ഫെഡിന്റെ സംസ്ഥാനതല അവാര്‍ഡ് തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള ബഹുമാനാര്‍ഥം തിരൂര്‍ ബി.പി അങ്ങാടി നോര്‍ത്ത് വിശ്വാസ്‌നഗര്‍ വെട്ടം റോഡിനെ ബന്ധിപ്പിക്കുന്ന ‘ഗോപിനാഥ് ചേന്നര നടപ്പാത’ എന്ന പേര് നല്‍കി തലക്കാട് ഗ്രാമപഞ്ചായത്ത് അദ്ദേഹത്തെ ആദരിച്ചു.

കെ.പി കേശവമേനോന്റെ ചരമദിനമായ നവംബര്‍ ഒമ്പതിന് ഹോട്ടല്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍വച്ച് കേശവമേനോന്റെ പൗത്രി നളിനി ദാമോദരന്‍ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആറ്റക്കോയ പള്ളിക്കണ്ടി, ആര്‍. ജയന്ത്കുമാര്‍, കോയട്ടി മാളിയേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *