പുതുലഹരിക്ക് ഒരു വോട്ട്’  ഫലപ്രഖ്യാപനം മന്ത്രി ഡോ. ആർ ബിന്ദു ഇന്ന്  നിർവഹിക്കും

പുതുലഹരിക്ക് ഒരു വോട്ട്’ ഫലപ്രഖ്യാപനം മന്ത്രി ഡോ. ആർ ബിന്ദു ഇന്ന് നിർവഹിക്കും

വോട്ടെടുപ്പിൽ പങ്കാളികളായത് 75000 ത്തിൽ പരം വിദ്യാർത്ഥികൾ

ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ കേന്ദ്ര പദ്ധതിയുടെയും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച ‘പുതുലഹരിക്ക് ഒരു വോട്ട്’ വോട്ടെടുപ്പിന്റെ ജില്ലാതല ഫലപ്രഖ്യാപനം ഇന്ന്‌സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. വൈകീട്ട് 7 മണിക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലുടെയാണ് ഫലം പ്രഖ്യാപിക്കുക. പ്രമുഖ സഞ്ചാരിയും സംസ്ഥാന സർക്കാരിന്റെ പ്ലാനിങ്ങ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ്ജ് കുളങ്ങര ആശംസകളർപ്പിച്ചു സംസാരിക്കും. ‘പുതുലഹരി അംബാസഡർ’ പ്രഖ്യാപനം ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിക്കും.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്‌റഫ് കാവിൽ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി, അഭിനേതാക്കളായ അബു സലിം, മിനോൺ, ആൽമരം ബാൻഡ് ഗായകൻ പ്രണവ്, എഴുത്തുകാരി ഇന്ദു മേനോൻ, ഫുഡ് വ്‌ലോഗർ ബാസിം, ഐ.പി.എം ഡയറക്ടർ ഡോ. അൻവർ ഹുസൈൻ തുടങ്ങിയവർ സംസാരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാ ഭരണകൂടം നടപ്പിൽ വരുത്തുന്ന ലഹരി വിരുദ്ധ- അവബോധ പരിപാടിയായ ‘പുതുലഹരിയിലേക്ക്’ ഭാഗമായാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ശരീരത്തിനും മനസ്സിനും ഹാനികരമായ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിച്ച് ജീവിതം തന്നെ ലഹരിയാക്കൂ, ഗുണപരവും ആരോഗ്യകരമായ മേഖലകളെ ലഹരിയായി കണ്ടെത്തൂ എന്ന ആശയമാണ് ‘പുതുലഹരിയിലേക്ക്’ പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നത്.

ജില്ലയിലെ 200 ലധികം വിദ്യാലയങ്ങളിൽ ക്രമീകരിച്ച 300 ഓളം ബൂത്തുകളിലായി 75000 ത്തിൽ പരം വിദ്യാർത്ഥികളാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, പ്രൈവറ്റ്, എയ്ഡഡ് – അൺ എയ്ഡഡ് തുടങ്ങി എല്ലാ വിഭാഗം ഹയർ സെക്കൻഡറി സ്ഥാപനങ്ങളും വോട്ടെടുപ്പിൽ പങ്കാളികളായി. പൂർണ്ണമായും ജനാധിപത്യ സ്വഭാവത്തിൽ ഭിന്നശേഷി സൗഹൃദവും, ഹരിത ചട്ടങ്ങൾ പാലിച്ചു കൊണ്ടുമാണ് വോട്ടെടുപ്പ് നടത്തിയത്. ഫലപ്രഖ്യാപനം തത്സമയം വീക്ഷിക്കുന്നതിന് ജില്ലാ കളക്ടറുടെ ഓദ്യോഗിക യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം പേജുകൾ സന്ദർശിക്കുക.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *