കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതിവിളക്കിന്റെ നടത്തിപ്പില്‍ നിന്ന് തൃശൂര്‍ ജില്ലയിലെ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ വിട്ടു നില്‍ക്കണമെന്ന് ഹൈക്കോടതി. ഇത് കാണിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് ആ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ കത്തുനല്‍കി. കോടതി ഒരു മതേതര സ്ഥാപനമാണ്. അതുകൊണ്ട് ഒരു പ്രത്യേക മതത്തിന്റെ പേരില്‍ നടക്കുന്ന ചടങ്ങുകളില്‍ കോടതികള്‍ പങ്കെടുത്ത് കൂടായെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ കത്തില്‍ പറഞ്ഞു. ഇതിനെ കോടതി വിളക്ക് എന്ന് വിളിക്കുന്നത് പോലും അസ്വീകാര്യമാണ്. ഭാവിയില്‍ ഇതിന്റെ പേര് മാറ്റണം.
നേരിട്ടോ അല്ലാതയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഇതില്‍ പങ്കെടുക്കരുത്. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. ഇതര മതസ്ഥരായ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഹൈക്കോടതി പറയുന്നു.
ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടീഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. പിന്നീട് ചാവക്കാട് ബാര്‍ അസോസിയേഷന്‍ ചടങ്ങ് ഏറ്റെടുത്തു. ഇതില്‍ ചാവക്കാട് കോടതിയിലെയും ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കെടുക്കാറുണ്ട്. ഇത് പാടില്ലന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.