ഭരണഘടനാ സാക്ഷരതാ യജ്ഞം: കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി

ഭരണഘടനാ സാക്ഷരതാ യജ്ഞം: കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി

തിരുവനന്തപുരം: ഭരണഘടനാ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് കേരള ലജിസ്‌ളേറ്റീവ് അസംബ്ലി മീഡിയാ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്ററിന്റെയും (കെ-ലാംപ്‌സ്) കുടുംബശ്രീയുടയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സമൂഹത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമായ ഈ കാലഘട്ടത്തില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം.എന്‍ ഷംസീര്‍ പറഞ്ഞു. രാജ്യത്തിന്റെ ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന. കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്ക് നല്‍കുന്ന പരിശീലനവും തുടര്‍പ്രവര്‍ത്തനങ്ങളും വഴി ഭരണഘടനയുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകള്‍ സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കാനാകും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 45ലക്ഷം വനിതകളുടെ കുടുംബങ്ങളിലേക്കും ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും കടമകളും അവകാശങ്ങളും സമൂഹം കൃത്യമായി മനസിലാക്കണമെന്നും കുടുംബശ്രീയുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ അതു സാധ്യമാകുമെന്നും കെ.ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള നൂറ് മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ പിന്നീട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പരിശീലന ടീം അംഗങ്ങള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ 26ന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ഭരണഘടനാ സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജാഫര്‍ മാലിക് വിഷയാവതരണം നടത്തി. നിയമസഭാ സെക്രട്ടറി എം.എം ബഷീര്‍, മുന്‍ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ നയിച്ചു. കെ-ലാംപ്‌സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മഞ്ജു വര്‍ഗീസ് സ്വാഗതവും കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ്.സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ വിദ്യാ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *