പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; സര്‍ക്കാര്‍ പിന്മാറി

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; സര്‍ക്കാര്‍ പിന്മാറി

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞ് സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗതീരുമാനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമ്പോള്‍ എ.ഐ.വൈ.എഫും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്നാണ് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തില്‍ പ്രതിഷേധമറിയിച്ചിരുന്നു.
പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. പെന്‍ഷന്‍ പ്രായം വര്‍ധനയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് വി.ഡി സതീശന്‍ ചോദിച്ചിരുന്നു.

പിന്നാലെ തീരുമാനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ഡി.വൈ.എഫ്.ഐയും രംഗത്ത് വന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘടന എതിര്‍പ്പറിയിച്ചത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെകട്ടറിയേറ്റ് പറയുന്നു. പെന്‍ഷന്‍ പ്രായം ഏകീകരിക്കാന്‍ റിയാബ് തലവന്‍ ചെയര്‍മാനായി 2017ല്‍ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ 22ന് മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. പെന്‍ഷന്‍ പ്രായം 60 ആക്കിയുള്ള ഉത്തരവ് ഞായറാഴ്ചയാണ് ഇറങ്ങിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *