ത്രിദിന കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് തലശ്ശേരിയില്‍ തുടക്കം

ത്രിദിന കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് തലശ്ശേരിയില്‍ തുടക്കം

തലശ്ശേരി: മൂന്ന് ദിവസങ്ങളിലായി തലശ്ശേരിയിലെ അഞ്ച് സ്‌കൂളുകളില്‍ നടക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് ഇന്ന് തുടക്കമാകും. 15 ഉപജില്ലകളില്‍ നിന്നുള്ള 4000ത്തോളം ശാസ്ത്ര പ്രതിഭകളായ വിദ്യാര്‍ഥികള്‍ മറ്റുരക്കുന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടി.മേള കുറ്റമറ്റ നിലയില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്ണൂര്‍ ഡി.ഡി.ഇ വി.എ ശശീന്ദ്ര വ്യാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനം ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം.ജമുനാ റാണി നിര്‍വഹിക്കും. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷബാന ഷാനവാസ് അധ്യക്ഷത വഹിക്കും. മൂന്നിന് വൈകീട്ട് സമാപന സമ്മേളനം ചേരും. ഉദ്ഘാടനവും സമ്മാനദാനവും വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി നിര്‍വഹിക്കും.

സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി (ശാസ്ത്രമേള ), ബി.ഇ.എം.പി ഹയര്‍ സെക്കന്ററി (സാമൂഹ്യ ശാസ്ത്രമേള), മുബാറക് ഹയര്‍ സെക്കന്ററി ( പ്രവൃത്തി പരിചയമേള ) സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി (ഗണിത ശാസ്ത്രമേള ), ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി (ഐ.ടി മേള, വൊക്കേഷണല്‍ എക്‌സ്‌പോ ), എന്നിവയാണ് വേദികള്‍. മേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്കും അനുഗമിക്കുന്ന അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും അതാതിടങ്ങളില്‍ ഭക്ഷണം എത്തിച്ചു നല്‍കും. ഭക്ഷണ സൗകര്യം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററിയിലാണ് ഒരുക്കുന്നത്. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് ശാസ്‌ത്രോത്സവം ഒരുക്കുന്നത്. വേദികള്‍ക്ക് മുന്നിലെ ബോര്‍ഡുകളിലും ബാനറുകളിലും ബാഡ്ജുകളിലും ലഹരിവിരുദ്ധ സന്ദേശം രേഖപ്പെടുത്തുന്നുണ്ട്. ഡി.ഡി.ഇക്ക് പുറമെ തലശ്ശേരി ഡി.ഇ.ഒ.എ.പി അംബിക, ഒ.പി.മുഹമ്മദ് അബ്ദുള്ള, കെ.രമേശന്‍, കെ.ഇസ്മയില്‍, എസ്.കെ.ബഷീര്‍, വി.വി വിനോദ് കുമാര്‍, സുനിഷ് കുമാര്‍, എം.സുനില്‍കുമാര്‍, കെ.പി വികാസ് എന്നിവരും സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *