തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കി. പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ച് ഈ മാസം 29ന് ധനവകുപ്പില്‍ നിന്ന് ഉത്തരവിലാണ് വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്. 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിച്ചത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം തല്‍ക്കാലം ഉയര്‍ത്തിയിട്ടില്ല. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കും.
പല പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60 ഉം. ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം രൂപീകരിക്കാന്‍ 2017 ല്‍ റിയാബ് ചെയര്‍മാന്‍ തലവനായി ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. 2020 നവംബര്‍ 30ന് വിദഗ്ധ സമിതി കൊടുത്ത റിപ്പോര്‍ട്ട് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സെക്രട്ടറി ലെവല്‍ കമ്മിറ്റി പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് ഈ വര്‍ഷം ഏപ്രിലില്‍ മന്ത്രിസഭാ യോഗത്തില്‍ വയ്ക്കുകയും തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍. ഒന്നരലക്ഷം പേര്‍ക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവര്‍ക്ക് കൂടുതല്‍ സര്‍വീസ് ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ള കെ.എസ്.ഇ.ബിയിലെയും കെ.എസ്.ആര്‍.ടി.സിയിലെയും വാട്ടര്‍ അതോറിറ്റിയിലെയും പെന്‍ഷന്‍ പ്രായം കൂട്ടല്‍ പിന്നാലെ വരും. ഈ മൂന്ന് സ്ഥാപനങ്ങളിലെയും സാഹചര്യം പ്രത്യേകം പഠിക്കാനും ഉത്തരവില്‍ നിര്‍ദേമുണ്ട്. കെ.എസ്.ഇ.ബിയില്‍ യൂണിയനുകളുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വെച്ച ഒരു നിര്‍ദേശം പെന്‍ഷന്‍ പ്രായം കൂട്ടാമെന്നായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം കൂട്ടല്‍ സര്‍ക്കാറിന്റെ നയപരമായ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം കൂട്ടുമോ എന്നുള്ളതാണ് ഇനിയുള്ള വലിയചോദ്യം. ശമ്പളപരിഷ്‌ക്കരണ കമ്മീഷനും ഭരണപരിഷ്‌ക്കാര കമ്മീഷനും ധനകാര്യകമ്മീഷനും നേരത്തെ തന്നെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പെന്‍ഷന്‍ ഇനത്തില്‍ കൊടുക്കേണ്ട ഭാരിച്ച തുക കണക്കിലെടുത്ത് പെന്‍ഷന്‍ പ്രായം കൂട്ടാന്‍ പലതവണ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പക്ഷേ യുവജനസംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. അടുത്ത ബജറ്റില്‍ പക്ഷേ പെന്‍ഷന്‍ പ്രായത്തിലെ മാറ്റത്തില്‍ നിര്‍ണായക തീരുമാനം വന്നേക്കാം.