മാഹി: അനന്യതയുടെ അടയാളമായി മാറിയ ബഹുമുഖ പ്രതിഭയായ ഡോ. മഹേഷ് മംഗലാട്ട്, താന്‍ പ്രവര്‍ത്തിച്ച മേഖലകളില്ലൊം അനിവാര്യനായ ഒരംഗമായി മാറുകയായിരുന്നുവെന്ന് പ്രൊഫ. കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. പ്രതിഭാശാലികളുടെ സാഹോദര്യമാണ് മലയാള കലാഗ്രാമത്തില്‍ ദൃശ്യമായതെന്നും മഹാസ്വാതന്ത്ര്യത്തിലേക്ക് കടന്നുവരുന്ന ഒരാള്‍ സ്വതന്ത്രനാവുകയാണ് താന്‍ എന്ന ബോധ്യം മഹേഷ് മംഗലാട്ടിനുണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മലയാള ഭാഷാ സാങ്കേതിക വിദഗ്ധനും, മാഹി എം.ജി കോളജിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മഹേഷ് മംഗലാട്ടിന് മലയാള കലാഗ്രാമത്തില്‍ നല്‍കിയ ജനകീയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഹൃത്തുക്കളും ഭാഷാസ്‌നേഹികളും ശിഷ്യരുമാണ് സ്വീകരണമൊരുക്കിയത്. ഡോ. എ.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അദ്ദേഹം തന്നെ മഹേഷ് മാഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ.ജിസ ജോസ് ഉപഹാര സമര്‍പ്പണം നടത്തി. പി.കെ. സത്യാനന്ദന്‍, ഗായകന്‍ വി.ടി.മുരളി, ഡോ. അനന്തകൃഷ്ണന്‍, ചാലക്കര പുരുഷു, കെ.കെ.സുരേന്ദ്രന്‍ സംസാരിച്ചു. ആര്‍.കെ പ്രശാന്ത് സ്വാഗതവും, ഡോ.പി.സുജാത നന്ദിയും പറഞ്ഞു. തുടര്‍ന്ന് രണ്ടായിരത്തോളം വേദികള്‍ പിന്നിട്ട ‘കൂനന്‍’ ഏകാംഗ നാടകം അരങ്ങേറി.
കാലത്ത് നടന്ന സുഹൃദ് സംഗമം ഡോ. കെ.വി.തോമസിന്റെ അധ്യക്ഷതയില്‍ ഡോ. കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം നടന്ന ചടങ്ങില്‍ മഹേഷ് മംഗലാട്ടിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. എന്‍.പി ചെക്കൂട്ടി അധ്യക്ഷത വഹിച്ചു. ‘അരങ്ങിലെ രാഷ്ട്രീയം’ ഡോ.ചാത്തനാത്ത് അച്ചുതനുണ്ണിയും ‘മലയാളവും ഭാഷാ സാങ്കേതികതയും’ ഡോ. ടി.ബി വേണുഗോപാല പണിക്കരും പ്രകാശനം ചെയ്തു. ഡോ. ആര്‍.വി.എം ദിവാകരന്‍, ഡോ.പി.സോമനാഥന്‍ സംസാരിച്ചു.