തിരുവനന്തപുരം: കുട്ടികള്‍ നിരന്തരമായ പരിശ്രമത്തിലൂടെ ആത്മവിശ്വാസം നേടിയെടുക്കണമെന്ന് നടനും സംവിധായകനുമായ മധുപാല്‍ പറഞ്ഞു. കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തില്‍ ശിശുദിന പതിപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മരിയാറാണി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ദ്വിദിന എഡിറ്റിങ് ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങളും തിരിച്ചറിവുകളുമാണ് ഒരാളെ കഥയുടെ ലോകത്തേക്ക് നടത്തുന്നത്. വായനക്കാരില്‍ ആകാംക്ഷ ജനിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് കഥകള്‍ രചിക്കേണ്ടത്. മികച്ച കഥകള്‍ എഴുതാന്‍ ഭാഷാ സ്വാധീനവും അനുഭവങ്ങളും വേണം. നമ്മുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിഞ്ഞുകൊണ്ട് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഓരോ കുട്ടിയും പരിശ്രമിക്കണം.
നമ്മുടെ ജീവിതം ഇനിവരുന്ന ആളുകള്‍ക്കു കൂടി വേണ്ടതാണെന്ന ബോധ്യം ഓരോ കുട്ടിക്കും ഉണ്ടാവണം. മനുഷ്യത്വം എന്ന ഘടകമാണ് മുഖ്യം. കുട്ടികളുടെ ചിന്തകളും പ്രതീക്ഷകളും സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം, നന്മയും തിന്‍മയും തിരിച്ചറിയുന്നതിനുള്ള ധൈര്യമാര്‍ജിച്ചുകൊണ്ട് ലഹരിയുടെ വിപത്തുകള്‍ക്കെതിരേ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ കുട്ടികള്‍ക്ക് കഴിയട്ടേയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുട്ടികളുമായി അദ്ദേഹം സംവാദവും നടത്തി. എഴുത്തുകാരി കെ.എ ബീന എഡിറ്റിങ്ങിനെ കുറിച്ച് ക്ലാസ് നയിച്ചു. എല്ലാ ജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുത്ത 25 കുട്ടികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഇവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയ ശിശുദിന പതിപ്പിന്റെ എഡിറ്റിങ് നിര്‍വഹണവുമായി ബന്ധപ്പെട്ടാണ് ശില്‍പശാല. ഇതാദ്യമായാണ് ബാലസഭാംഗങ്ങള്‍ തന്നെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ച ശിശുദിനപ്പതിപ്പ് തയ്യാറാക്കുന്നത്. കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. മൈന ഉമൈബാന്‍ സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡാനിയേല്‍ ലിബ്നി നന്ദിയും പറഞ്ഞു.