അഹമ്മദാബാദ്: ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഗുജറാത്തും. സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിക്കാന്‍ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതി വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയില്‍ നാല് അംഗങ്ങളാവും ഉണ്ടാവുക. സമിതി ഉടന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും പഠനത്തിനായി സമിതിയെ നിയോഗിച്ചിരുന്നു.
ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതോടെ തുല്യത ഉറപ്പാക്കപ്പെടുമെന്ന് ഗതാഗത മന്ത്രി പൂര്‍ണേഷ് മോദി പറഞ്ഞു. തീരുമാനത്തിന് ഗുജറാത്ത് സര്‍ക്കാരിന് നന്ദിയെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രുപാല പറഞ്ഞു.
ഗുജറാത്തില്‍ അസംബ്ലി ഇലക്ഷന് അടുത്തിരിക്കേയാണ് സര്‍ക്കാരിന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ സമിതി രൂപീകരിക്കാന്‍ തീരുമാനം എടുത്തത്.