കോഴിക്കോട്: കേരള ഗവ.ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ (സി.ഐ.ടി.യു) കോഴിക്കാട് ജില്ലാകമ്മിറ്റി സമരത്തിലേക്ക്. ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ അശുപത്രി വികസന സമിതികളിള്‍ (HMC/HDS) നിരവധി ജീവനക്കാര്‍ ദിവസക്കൂലിയെന്ന പേരില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നുണ്ട്.
ജോലി സുരക്ഷിതത്വത്തിനും ന്യായമായ സേവന വേതന വ്യവസ്ഥയ്ക്കും വേണ്ടി അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വേതന വര്‍ധനവ് നടപ്പാക്കുക, ജോലി സുരക്ഷിതത്വം നല്‍കുക, ബോണ്ട്-ബ്രേക്ക് സമ്പ്രാദയം അവസാനിപ്പിക്കുക, ഉത്സവാവധികളും- ദേശീയ അവധികളും നല്‍കുക, നൈറ്റ് ഡ്യൂട്ടി എടുക്കുന്ന എല്ലാവര്‍ക്കും വേതനത്തോടു കൂടിയ നൈറ്റ് ഓഫ് നല്‍കുക, സര്‍ക്കാര്‍ നിശ്ചയിച്ച ബോണസ് എല്ലാവര്‍ക്കും നല്‍കുക, തുല്യ ജോലിക്ക് തുല്യവേതനം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്നാംഘട്ടമെന്ന നിലയില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നിലും മാര്‍ച്ചും ധര്‍ണയും നടത്തും.
അടുത്ത ഘട്ടത്തില്‍ കലക്ടറേറ്റിലേക്കും ജില്ലാ മെഡിക്കല്‍ ഓഫിസുകളിലേക്കും സമരം വ്യാപിപ്പിക്കും. ജില്ലയിലെ സമരത്തിന്റെ തുടക്കമെന്ന നിലയില്‍ അഞ്ചു വര്‍ഷമായി വേതന വര്‍ധനവ് നടപ്പാക്കാത്ത ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കേരള ഗവ.ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.പ്രദീപ്കുമാര്‍ സമരം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം. ധര്‍മരാജന്‍ (പ്രസിഡന്റ്), ടി.എം സുരേഷ്‌കുമര്‍ (സെക്രട്ടറി), വാസുദേവന്‍ എം.വി (ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.