മാറ്റര്‍ ലാബ് ഉദ്ഘാടനം നവംബര്‍ ഒന്നിന്

മാറ്റര്‍ ലാബ് ഉദ്ഘാടനം നവംബര്‍ ഒന്നിന്

കോഴിക്കോട്: തിരുവണ്ണൂര്‍ മിനി ബൈപ്പാസില്‍ പ്രവര്‍ത്തനം തുടങ്ങുന്ന മാറ്റര്‍ ലാബ് (മാറ്റര്‍ മെറ്റീരിയല്‍
ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി) നവംബര്‍ ഒന്നിന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളുള്ള സമഗ്ര ലബോറട്ടറിയാണു മാറ്റര്‍ ലാബ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ലാബിന്റെ നടത്തിപ്പുകാര്‍. നിര്‍മാണമേഖല ഉള്‍പ്പെടെ എല്ലാത്തരം വ്യവസായമേഖലകള്‍ക്കും വ്യക്തികള്‍ക്കും ആവശ്യമുള്ള
പലതരം പരിശോധനകള്‍ ചെയ്യാവുന്ന വിപുലമായ ലാബാണിത്.

രാവിലെ ഒന്‍പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ് അധ്യക്ഷത വഹിക്കും. എം.പി എം.കെ രാഘവന്‍, എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളാകും. മാറ്റര്‍ ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡി സോമന്‍ പദ്ധതി വിശദീകരിക്കും. പൊതുമരാമത്തുവകുപ്പു സെക്രട്ടറി
അജിത്ത് കുമാര്‍, കോഴിക്കോട് കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.നിര്‍മ്മല,
ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോഴിക്കോട് ബി. സുധ, എന്‍.ഐ.ടി
കോഴിക്കോട് ഡയരക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി,
മാനേജിങ് ഡയരക്ടര്‍ എസ്. ഷാജു തുടങ്ങിയവര്‍ സംസാരിക്കും. പി. മോഹന്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ. പ്രവീണ്‍ കുമാര്‍, മുക്കം മുഹമ്മദ്, കെ.കെ ബാലന്‍ മാസ്റ്റര്‍, കെ. ലോഹ്യ, അഡ്വ. വി.കെ. സജീവന്‍, മനയത്ത് ചന്ദ്രന്‍, സി.എന്‍ വിജയകൃഷ്ണന്‍, ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ടെസ്റ്റിങ് നിലവാരം ഉറപ്പുവരുത്താനുള്ള അന്താരാഷ്ട്രമാര്‍ഗരേഖയായ ISO/IEC 17025 2017 പ്രകാരമാണ്
മാറ്റര്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന ടെസ്റ്റിങ് ആന്‍ഡ്
കാലിബ്രേഷന്‍ ലാബുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും അംഗീകാരം നല്‍കാനുമായി
ഭാരതസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന NABL (നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്)ന്റെ TC-10743 എന്ന അംഗീകാരം മാറ്റര്‍ ലാബിന് ഇതിനകം നേടാന്‍ സാധിച്ചത് ISO 17025 നിഷ്‌കര്‍ഷിക്കുന്ന സുതാര്യവും കൃത്യനിഷ്ഠവും സാങ്കേതികമികവാര്‍ന്നതുമായ
പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കിയതുകൊണ്ടാണ്.

പാറ, ഇഷ്ടിക, കട്ടകള്‍, സിമന്റ്, മണല്‍, സ്റ്റീല്‍, കോണ്‍ക്രീറ്റ്, അഗ്രഗേറ്റുകള്‍, മുറ്റത്തും കൂരയിലും
പാകുന്ന ഓടുകള്‍, പലതരം തറയോടുകള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെള്ളം
തുടങ്ങി എല്ലാ നിര്‍മാണസാമഗ്രികളും പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തിയാണ് ഇന്നു ലോകമെങ്ങും
പ്രധാന നിര്‍മാണങ്ങള്‍ നടത്തുന്നത്. റോഡിന്റെ കാര്യത്തില്‍ ടാര്‍, ബിറ്റുമെന്‍ ഗ്രേഡുകള്‍, പലതരം
അസ്ഫാള്‍ട്ടുകള്‍ തുടങ്ങിയവയും പരിശോധിക്കണം. ഇതിനെല്ലാം ഭൗതികവും രാസികവും യാന്ത്രികവുമായ
പരിശോധനകളുണ്ട്. പാറയ്ക്ക് ഇനവും കടുപ്പവും ആയുസും ഗ്രേഡും അടക്കം പത്തോളം പരിശോധനകള്‍
ഉണ്ട്. തടി, മരയുത്പന്നങ്ങള്‍, പോളിമറുകളും പ്ലാസ്റ്റിക്കുകളും, ഗ്ലാസ് ഫൈബര്‍ റീഎന്‍ഫോഴ്‌സ് ചെയ്ത കോണ്‍ക്രീറ്റും പ്ലാസ്റ്റിക്കും, പെയിന്റ്, മറ്റു കോട്ടിങ്ങുകള്‍, പശകള്‍, തറയ്ക്കും ചുവരിനും ഉപയോഗിക്കുന്ന പ്ലൈവുഡും പാര്‍ട്ടിക്ക്ള്‍ ബോര്‍ഡും പോലുള്ള പാനലിങ് സാമഗ്രികള്‍, അലുമിനിയം കോംപോസിറ്റ് പാനലുകള്‍, എപോക്‌സികള്‍, ഡ്രൈവാള്‍, ജിപ്‌സം ബോര്‍ഡ്, സെല്ലുലാര്‍ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഫിലിം, റബറുത്പന്നങ്ങള്‍, ഇന്‍സുലേഷന്‍ സാമഗ്രികള്‍, സിറാമിക്, ടെറാക്കോട്ട, പലതരം പാറകള്‍, സിമന്റും അനുബന്ധസാമഗ്രികളും തുടങ്ങിയവയൊക്കെ പരിശോധിക്കും. പാലങ്ങളുടെ ഉറപ്പു പരിശോധിക്കാന്‍ ജലത്തിനടിയിലെ മണ്ണിനും അടിയിലുള്ള കാര്യങ്ങള്‍വരെ പരിശോധിക്കേണ്ടതുണ്ട്. വലിയ കോണ്‍ക്രീറ്റ്
തൂണുകളുടെയൊക്കെ ഉള്ളിലെ അവസ്ഥ തുരന്നുനോക്കാതെ അറിയാന്‍ കഴിയണം. അതതുസ്ഥലത്തു
കൊണ്ടുപോയി പരിശോധിക്കുന്ന അത്തരം സംവിധാനങ്ങളെല്ലാം മാറ്റര്‍ ലാബില്‍ ഉണ്ട്.

പരിശോധനകള്‍ മാത്രമല്ല, പരിശോധനോപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാനുള്ള കാലിബ്രേഷനും ഇവിടെ
ചെയ്യും. ഭാരം, പിണ്ഡം, താപം, മര്‍ദ്ദം, ദിശകള്‍ എന്നിവ നിര്‍ണ്ണയിക്കുന്ന ഉപകരണങ്ങളെല്ലാം കാലിബ്രേറ്റ് ചെയ്യും. ജിയോടെക്നിക്കല്‍ വിഭാഗത്തില്‍ സ്‌പെസിഫിക് ഗ്രാവിറ്റി, പെര്‍മ്യബിലിറ്റി, ബോര്‍ ഹോള്‍ ലോഗിങ്, ട്രയല്‍ പിറ്റ്‌വോള്‍ ലോഗിങ്, പിന്‍ഹോള്‍ ഡിസ്‌പേഴ്‌സണ്‍ ടെസ്റ്റ്, താപ, വൈദ്യുതി പ്രതിരോധസര്‍വ്വേകള്‍, രേഖീയവും വ്യാപ്തപരവുമായ ചുരുങ്ങല്‍ ടെസ്റ്റുകള്‍, പലതരം ബലപരിശോധനകള്‍ എന്നിങ്ങനെ 30 ടെസ്റ്റുകള്‍ ഉണ്ട്. ഇതില്‍ അതതു സ്ഥലത്തുപോയി ചെയ്യുന്നവയും സാമ്പിള്‍ കൊണ്ടുവന്നു ലാബില്‍ ചെയ്യുന്നവയും ഉണ്ട്. റോഡുനിര്‍മാണത്തിനുമുണ്ട് ഇത്തരം പരിശോധനയെല്ലാം.

ഉല്‍പാദകര്‍, വിതരണക്കാര്‍, ചില്ലറവ്യാപാരികള്‍, കയറ്റുമതിക്കാര്‍, ഇറക്കുമതിക്കാര്‍, നിര്‍മാണരംഗത്താണെങ്കില്‍ ആര്‍ക്കിടെക്റ്റുകള്‍, എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍തുടങ്ങി പലവിഭാഗക്കാര്‍ക്കും ആവശ്യമുള്ള പ്രത്യേക ടെസ്റ്റുകളും ചെയ്തു നല്കും. അവരുമായി ബന്ധപ്പെട്ട
പ്രക്രിയകളിലുള്ള അപാകങ്ങള്‍ കണ്ടുപിടിക്കാനും പരിഹരിക്കാനും ഉല്‍പന്നങ്ങളുടെ പ്രകടനം
മെച്ചപ്പെടുത്താനും ഇത് ആവശ്യമാണ്. ഗുണനിഷ്ഠ, ഗുണനിയന്ത്രണം എന്നിവയില്‍ സര്‍ട്ടിഫിക്കറ്റു കിട്ടാന്‍
വേണ്ട കാര്യങ്ങള്‍ ഉറപ്പാക്കാനും തദ്ദേശിയമോ ആഗോളമോ ആയ ഗുണമാനദണ്ഡങ്ങള്‍ പാലിക്കാനും ഒരു
പ്രത്യേകയുല്‍പ്പന്നം ആ ആവശ്യത്തിന് ഇണങ്ങുമോ എന്നു നോക്കാനുമൊക്കെ ഇത്തരം പരിശോധനകള്‍ ആവശ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡയരക്ടര്‍ എം. സുരേന്ദ്രന്‍, മാറ്റര്‍ ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡി സോമന്‍, ശ്രീലേഷ് ടി.വി, ഡയറക്ടർ ഷിജിന്‍ ടി.ടി എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *