മനില: ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച നാല്‍ഗേ കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി. 72 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 33 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയരാമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് സൈന്യവും പോലിസും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി നാഗിബ് സിനാരിംബോ പറഞ്ഞു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ ആഭ്യന്തര വിമാനസര്‍വീസുകളെല്ലാം റദ്ദാക്കി. 7000 ത്തിലധികം ആളുകളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം തന്നെ ഫിലിപ്പൈന്‍ ദ്വീപ സമൂഹത്തില്‍ ആഞ്ഞടിക്കുന്ന 16ാമത്തെ കൊടുങ്കാറ്റാണ് നാല്‍ഗേ. ഫിലിപ്പീന്‍സില്‍ ഓരോ വര്‍ഷവും 20 ലധികം ചുഴലിക്കൊടുങ്കാറ്റുകള്‍ ഉണ്ടാകാറുണ്ട്.
രണ്ടു ദിവസം കൂടി ഫിലിപ്പീന്‍സ് ഭൂപ്രദേശത്ത് നാല്‍ഗേ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു. തുടര്‍ന്ന് തെക്കന്‍ ചൈനാ കടലിലേക്ക് സഞ്ചരിക്കും.