കോഴിക്കോട്: ലോകത്തിലാദ്യമായി ഒരു വ്യക്തിയുടെ ജീവിതം 430 മീറ്റര്‍ നീളത്തില്‍ വരച്ചിരിക്കുകയാണ് ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡറും ചിത്രകാരിയുമായ റോഷ്‌ന. എം.എ യൂസുഫലിയുടെ ജീവിതം ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്രാഫിക് നോവലായി വരച്ചുക്കൊണ്ടാണ് മുക്കം കാരശ്ശേരി സ്വദേശിനി ശ്രേദ്ധേയയാവുന്നത്. ചാത്തമംഗലം എം.ഇ.എസ് കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയിരിക്കെയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഈയൊരു പ്രൊജക്ടിനായി റോഷ്‌ന തയ്യാറെടുക്കുന്നത്. ഏഴ് പേരടങ്ങുന്ന ഗ്രൂപ്പായി തിരിച്ചായിരുന്നു തുടക്കം. മൂന്ന് മാസത്തോളം എടുത്തുകൊണ്ട് സഫ, ജന്ന്, നജീഹ് എന്നിവര്‍ ചേര്‍ന്നാണ് യൂസുഫലിയുടെ ജീവിതയാത്ര സ്‌ക്രിപ്റ്റ് രൂപത്തില്‍ തയ്യാറാക്കിയത്. തുടര്‍ന്നുള്ള രണ്ട് മാസംകൊണ്ട് അനന്ദു, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് ഇതിന്റെ സീന്‍ ക്രിയേറ്റ് ചെയ്തു. പ്രൊജക്ടിന്റെ മുഴുവന്‍ മീഡിയ പ്രവര്‍ത്തനങ്ങളും ചെയ്തത് ദേവനാരായണനും ഗോകുല്‍ കൃഷ്ണയുമാണ്. എട്ട് മാസം കൊണ്ടാണ് എല്ലാം പൂര്‍ത്തീകരിച്ചത്.
യൂസുഫലി- ദി ബില്യണ്‍ ഡോളര്‍ ജേര്‍ണി എന്നാണ് ഈ റോളിങ് ബുക്കിന്റെ പേര്. യുവ തലമുറയെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച് മനുഷ്യ നന്മയിലേക്കും സംരംഭത്തിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോളിങ് ബുക്ക് ഒരുക്കുന്നത്. 430 നീളത്തില്‍ വരച്ച ഈ റോളിങ് ബുക്ക് 845 ഐവറി ഷീറ്റുകളിലായിട്ടാണ് വരച്ചത്. 100 ഓളം വരുന്ന കാലിഗ്രഫി പെന്നുകളാണ് ഇതിനായി ഉപയോഗിച്ചത്. റോഷ്‌ന എട്ട് വര്‍ഷത്തോളം ലൈവ് ക്യാരിക്കേച്ചര്‍ വരയില്‍ സജീവമാണ്. 2021ല്‍ ദുബായ് ഗ്ലോബല്‍ വില്ലേജുമായി സഹകരിച്ച പ്രൊജ്ക്ടിലും മുമ്പ് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്.