മാഹി: ആധുനിക മലയാള ഭാഷാ സാഹിത്യത്തിന് നിസ്തുലമായ സേവനങ്ങള്‍ കാഴ്ചവെച്ച, മാഹി ഗവ. എം.ജി കോളജില്‍ നിന്നും വിരമിക്കുന്ന ഡോ. മഹേഷ് മംഗലാട്ടിന് നാളെ മലയാള കലാഗ്രാമത്തില്‍ സുഹൃത്തുക്കളും ഭാഷാസ്‌നേഹികളും ശിഷ്യരും സ്വീകരണം നല്‍കുന്നു. എം.ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സുഹൃത്ത് സംഗമം ഡോ.കെ.വി തോമസിന്റെ അധ്യക്ഷതയില്‍ ഡോ.കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന മഹേഷ് മംഗലാട്ടിന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ എന്‍.പി ചെക്കൂട്ടി അധ്യക്ഷത വഹിക്കും. ‘അരങ്ങിലെ രാഷ്ട്രീയം’ ഡോ. ചാത്തനാത്ത് അച്ചുതനുണ്ണിയും, ‘മലയാളവും ഭാഷാ സാങ്കേതികതയും’ ഡോ. ടി.ബി.വേണുഗോപാല പണിക്കരും പ്രകാശനം ചെയ്യും. ഡോ. ആര്‍.വി.എം ദിവാകരന്‍, ഡോ. പി.സോമനാഥന്‍ സംസാരിക്കും. വൈകീട്ട് 3.30ന് ഡോ. എം.മുരളീധരന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണ ചടങ്ങ് കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് രണ്ടായിരത്തോളം വേദികള്‍ പിന്നിട്ട ‘കൂനന്‍’ ഏകാംഗ നാടകം അരങ്ങേറും.