മുന്‍കൂര്‍ ജാമ്യഹരജിയില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മുന്‍കൂര്‍ ജാമ്യഹരജിയില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

  • മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ അന്തിമവാദം നാളെ

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് തടഞ്ഞു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് എം.എല്‍.എയുടെ അറസ്റ്റ് തടഞ്ഞത്. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. വഞ്ചിയൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നിര്‍ദേശം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ അന്തിമവാദം നാളെ നടക്കും. അഭിഭാഷകന്റെ ഓഫിസില്‍ വച്ച് എല്‍ദോസ് മര്‍ദ്ദിച്ചെന്ന മജിസ്‌ട്രേറ്റ് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ പോലിസ് കേസെടുത്തത്. കേസില്‍ പരാതിക്കാരിയുടെ മൊഴി പോലിസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് ജില്ലാ കോടതിയെ സമീപിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരേ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫിസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമായിരുന്നു മൊഴി. എല്‍ദോസിനെ മാത്രം പ്രതിയാക്കിയാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു.

എല്‍ദോസ് കുന്നപ്പിള്ളിലിനെ കഴിഞ്ഞ ദിവസം ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചായിരുന്നു തെളിവെടുപ്പിന്റെ ഭാഗമായുള്ള പരിശോധന. ഇതിന് ശേഷം എം.എല്‍.എയെ കോവളത്ത് എത്തിച്ച് സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും തെളിവെടുപ്പ് നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *