തലശ്ശേരി: ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമെന്ന അവസ്ഥയിലുള്ള മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീട്ടിനുള്ളിലെ കൊച്ചുമുറിയില്‍ വര്‍ഷങ്ങളായി എഴുന്നേറ്റ് നടക്കാന്‍ പോലുമാവാതെ ഒരു യുവാവ് ദുരിത ജീവിതം നയിക്കുന്നു. ചെറുപ്രായത്തിലേ അപസ്മാരത്തിനും ഞരമ്പ് രോഗത്തിനും അടിപ്പെട്ട് പോയ കൊമ്മല്‍ വയലിലെ പി.രാജേഷാ(46)ണ് മരുന്നിനോ ഭക്ഷണത്തിന് പോലുമോ ഗതിയില്ലാതെ കഴിയുന്നത്.
സൈനികനായിരുന്ന അച്ഛന്‍ രാജേഷ് ജനിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്നേ മരണപ്പെട്ടു. അമ്മ രതിക്ക് ലഭിച്ചു വന്ന പെന്‍ഷന്‍ കൊണ്ടാണ് ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. ഒരു വര്‍ഷം മുമ്പ് അമ്മ കൂടി മരണപ്പെട്ടതോടെ രാജേഷിന്റെ ജീവിതം തീര്‍ത്തും പ്രതിസന്ധിയിലായി. കിടപ്പ് മുറിയില്‍ തളര്‍ന്നു കിടക്കുന്ന ഈ ചെറുപ്പക്കാരന് ഇപ്പോള്‍ തുണയായുളളത് മൂത്തമ്മയുടെ മകളുടെ മകന്‍ പ്രശാന്തും,ഭാര്യയുമാണ്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. മത്സ്യത്തൊഴിലാളിയായ ഇയാളും ഭാര്യയും രോഗികളുമാണ്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ: രഞ്ജിത്തിന്റെ ചികിത്സയിലാണ് രാജേഷ്. ഓരോ മാസവും മരുന്നിന് മാത്രം മൂവായിരം രൂപയോളം വേണ്ടിവരും. അനാഥത്വവും, മാറാരോഗവും നിത്യ ദുരിതത്തിലാഴ്ത്തിയ ഈ യുവാവിന് മതിയായ ചികിത്സയും ഭക്ഷണവും ലഭ്യമാക്കാനായാല്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.