തലശ്ശേരി: സംഗീത വിഹായസ്സിലെ ദേശിയാംഗീകാരമായ പത്മശ്രീ പുരസ്‌കാരം വരെ ലഭ്യമായിട്ടും കെ.രാഘവന്‍ മാസ്റ്റര്‍ക്ക് അര്‍ഹമായ പരിഗണന ജന്മനാട്ടില്‍ ലഭിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ തലശ്ശേരി പട്ടണത്തിന്റെ നടുവില്‍ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണമെന്നും കേരള മാപ്പിള കലാ അക്കാദമി ആവശ്യപ്പെട്ടു. വരും തലമുറകള്‍ക്ക് രാഘവന്‍ മാസ്റ്ററെന്ന സംഗീത പ്രതിഭയെ അറിയാനും പരിചയപ്പെടാനും ഇത്തരം സംരംഭം ഉപകരിക്കുമെന്ന് അക്കാദമി ഭാരവാഹികള്‍ തലശ്ശേരി പ്രസ് ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മാസ്റ്ററെ കുറിച്ച് അറിയാത്തവരില്‍ പ്രതിമ കാണുമ്പോള്‍ ആരാണിതെന്ന ചോദ്യമുയരും, ഉത്തരം കൂടെ വരുന്നതോടെ രാഘവന്‍ മാസ്റ്ററെ ചോദ്യകര്‍ത്താവിനും പരിസരത്തുള്ളവര്‍ക്കും ഓര്‍ക്കാനാവുമെന്നും സംഘടന പ്രസിഡന്റായ തലശ്ശേരി കെ.റഫീഖ് പറഞ്ഞു. നിലവില്‍ ജില്ലാ കോടതിക്ക് മുന്നിലെ സെന്റിനറി പാര്‍ക്കിലുള്ള രാഘവന്‍ മാസ്റ്ററുടെ അന്ത്യവിശ്രമസ്ഥാനത്ത് പ്രതിമയുണ്ടെങ്കിലും നഗരത്തില്‍ നിന്ന് അകലെ ആയതിനാല്‍ അവിടെ സന്ദര്‍ശകര്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. മട്ടന്നൂര്‍ അലി, സുനില്‍ കല്ലൂര്‍, കെ.കെ.അശ്‌റഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.