തലശ്ശേരി: 105ന്റെ നിറവിലെത്തിയ അഞ്ച് തലമുറകളുടെ അമരക്കാരിയായ മീത്തലെ പാലേരി തറവാട്ടില്‍ കോട്ടായി മാധവിയമ്മയെ ആദരിച്ചു. എരഞ്ഞോളി വടക്കുമ്പാട് പോസ്റ്റോഫീസിന് സമീപം ചന്ദ്രോത്ത് കുളത്തിനടുത്ത് പരേതനായ റിട്ട.സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ പടിക്കല്‍ കൃഷ്ണന്റെ ഭാര്യ കോട്ടായി മാധവിയമ്മയെ വിമുക്തഭട കൂട്ടായ്മയായ ‘സിക്‌സ്റ്റീന്‍ത് വേ ലൈറ്റ് കാവലറി മലയാളി എക്‌സ് സര്‍വീസ്‌മെന്‍ അസോസിയേഷന്‍ ആന്റ് ആര്‍മ്ഡ് കോര്‍പ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കേരള’യുടെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ സെക്രട്ടറിയുടേയും പ്രസിഡന്റിന്റേയും നേതൃത്വത്തില്‍ വടക്കുമ്പാട്ടെ വീട്ടിലെത്തിയാണ് ആദരിച്ചത്. ക്യാപ്റ്റന്‍ കെ.ഒ ഭാസ്‌ക്കരന്‍ നമ്പ്യാര്‍, ജോഡി ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ മാധവിയമ്മയെ പൊന്നാടയണിയിച്ചു. മുന്‍ പഞ്ചായത്തംഗം പി.സനീഷ് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് മാധവി അമ്മയെ പൊന്നാട അണിയിക്കുകയും സ്‌നേഹോപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.
ഇപ്പോള്‍ മകള്‍ നിര്‍മലയോടൊപ്പം എം.സി ഹൗസിലാണ് മാധവിയമ്മ താമസിക്കുന്നത്. പ്രായാധിക്യത്തിന്റെ അവശതയല്ലാതെ മറ്റ് അസുഖങ്ങളൊന്നും ബാധിക്കാതെ ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യുന്നുണ്ട് മാധവിയമ്മ. പ്രഷര്‍, ഷുഗര്‍ തുടങ്ങിയ പുതുതലമുറ രോഗങ്ങളൊന്നും തന്നെ മാധവിയമ്മയെ അലട്ടുന്നില്ല. നിര്‍മലയുടെ മകള്‍ സജിത , സജിതയുടെ മകള്‍ അതുല്യ, അതുല്യയുടെ മകള്‍ അല്‍മിക എന്നിവരും അമ്മക്ക് ഒപ്പമുണ്ട്. മാധവിയമ്മക്ക് നിര്‍മല ഉള്‍പ്പെടെ ഏഴ് മക്കളാണുള്ളത്. ഊര്‍മ്മിള (അണ്ടലൂര്‍) ,സത്യന്‍ (എക്‌സ് മിലിട്ടറി), തങ്കം, പരേതനായ ജയന്‍, ലതിക (പെരളശ്ശേരി), വിനോദ് (കെ.എസ്.ഇ.ബി) എന്നിവരാണ് മറ്റ് മക്കള്‍.