ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറി 800 ദിനം പിന്നിട്ടു; വായനയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവാണ് സംസ്‌ക്കാരമെന്ന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍

ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറി 800 ദിനം പിന്നിട്ടു; വായനയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവാണ് സംസ്‌ക്കാരമെന്ന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍

കോഴിക്കോട്: സംസ്‌കാരമെന്നാല്‍ വെറും പുസ്തക വായന മാത്രമല്ല, വായനയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവ് കൂടിയാണെന്ന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍. വായനയിലൂടെ മനുഷ്യന്‍ എന്ന ജന്തുവിനെ സ്ഫുടം ചെയ്‌തെടുക്കുവാന്‍ സാധിക്കുമെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ഒരു സംസ്‌കാര സമ്പന്നനനാക്കുവാന്‍ സാധിക്കുകയില്ല. നരബലിയിലെ പ്രധാന പ്രതികളിലൊരാള്‍ എഫ്.ബിയില്‍ ഹൈക്കൂ കവിതയെഴുതിയ ആളായിരുന്നുവെന്നത് കൂടി നാം ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഗള്‍ഫില്‍ നിന്നുള്ള കഥകളുടെ ഉത്സവം – ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറിയുടെ 800ാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശിഷ്ട ഗ്രന്ഥങ്ങളെല്ലാം വിശിഷ്ടമാകുന്നത് അത് മനുഷ്യന് നേരായ വഴി കാണിച്ചു കൊടുക്കുന്നതുകൊണ്ടാണ് ഖുര്‍ആനും രാമായണവുമെല്ലാം വായിക്കുമ്പോള്‍ നമുക്ക് ഒരു സാംസ്‌കാരിക ഔന്നത്യമാണ് ലഭിക്കുന്നത്. നമ്മുടെ മനസ്സിലെ സഹജമായ ജന്തുവാസനകളെ ഉള്ളില്‍ തന്നെ കുഴിച്ചുമൂടുവാന്‍ പ്രാപ്തരാക്കുകയാണ് ഇത്തരം ഗ്രന്ഥങ്ങള്‍. ഈ ഗ്രന്ഥങ്ങളിലെ അക്ഷരങ്ങളുടെ ശക്തിയാണിത് തെളിയിക്കുന്നതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
ചടങ്ങില്‍ ഡോ. ഖദീജാ മുംതാസ് ആധ്യക്ഷ്യം വഹിച്ചു. എഴുത്തുകാരിയും ഈ വര്‍ഷത്തെ ജെ.സി.ബി ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ച നോവലിസ്റ്റുമായ ഷീലാ ടോമി (ഖത്തര്‍) ആശംസ സന്ദേശമറിയിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍, രജിത് കെ. ആയഞ്ചേരി, എം.എ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

ശ്രീ ബുദ്ധന്റെ ക്യാന്‍വാസ് ചിത്രം സുഭാഷ് ചന്ദ്രന്‍, ഡോ.ഖദീജ മുംതാസ് എന്നിവര്‍ ചേര്‍ന്ന് അനാഛാദനം ചെയ്യുന്നു

ദര്‍ശനം ഓഡിറ്റോറിയത്തില്‍ ശ്രീ ബുദ്ധന്റെ ക്യാന്‍വാസ് ചിത്രം വരച്ച ചിത്രകാരനും ശില്‍പിയുമായ ഗുരുകുലം ബാബു, ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. ഐശ്വര്യ എന്നിവരെ ചടങ്ങില്‍വച്ച് ആദരിച്ചു. വായനാമുറി മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ സ്വാഗതവും കെ.പി ആശിഖ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *