വിസിമാരോട് രാജിവയ്ക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല: മുഖ്യമന്ത്രി

വിസിമാരോട് രാജിവയ്ക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല: മുഖ്യമന്ത്രി

  • ഇല്ലാത്ത അധികാരം പ്രയോഗിക്കാമെന്ന് കരുതരുത്
  • ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാകുന്നു

പാലക്കാട്: ഒന്‍പത് സര്‍വകലാശാലകളിലെ വി.സിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദേശം തള്ളി മുഖ്യമന്ത്രി. ഇല്ലാത്ത അധികാരം ഗവര്‍ണര്‍ കാണിക്കുന്നു. ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവര്‍ണര്‍ പദവിയെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു. വി.സിമാരെ കേള്‍ക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ ഒരു കേസില്‍ വന്നിരിക്കുന്ന വിധി എല്ലാ വി.സി മാര്‍ക്കും ബാധകമാക്കാന്‍ കഴിയില്ല, ഗവര്‍ണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്‌സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വി.സിയെ പിരിച്ചു വിടാന്‍ വ്യവസ്ഥയില്ല. വി.സിമാരോട് രാജിവെക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല.

ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാകുന്നു. സര്‍വകലാശാലകള്‍ക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം. യു.ജി.സി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോള്‍ ഗവര്‍ണര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വം. ഗവര്‍ണറുടെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വി.സി മാരാണോ? കെ.ടി.യു വിധിയില്‍ പുനപ്പരിശോധന ഹരജിക്ക് ഇനിയും അവസരമുണ്ട്. സര്‍വകലാശാല ഭരണം അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ നോക്കുന്നു. ഗവര്‍ണറുടെ ഇടപെടല്‍ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കേവലം സാങ്കേതികതയില്‍ തൂങ്ങിയാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്‍പത് സര്‍വകലാശാലകളിലെ വി.സിമാരോട് ഇന്ന് 11.30നകം രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. യു.ജി.സി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി. കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല,സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വി.സിമാരോടാണ് രാജി ആവശ്യപ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *