തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ അഹ്വാനം ചെയ്യുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍ നെഞ്ചിലേറ്റി കേരള കോണ്‍ഗ്രസ് ബി. ‘ലഹരിക്കെതിരേ നമുക്ക് ഒരുമിച്ചു പോരാടാം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പരിപാടി തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ നടത്തി. സംസ്ഥാന സെക്രട്ടറി ഷിബി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പ്രസിഡന്റും പ്രശസ്ത സിനിമാ താരവുമായ പൂജപ്പുര രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പല തരത്തിലുള്ള ലഹരി സമൂഹത്തെ ബാധിക്കുന്നുവെന്നും അതിന് നാം ഒറ്റക്കെട്ടായി പോരാട്ടം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനിത കോണ്‍ഗ്രസ്-ബി സംസ്ഥാന അധ്യക്ഷ മഞ്ജു റഹീം മുഖ്യാതിഥിയായിരുന്നു. ‘നമ്മുടെ ജീവിതമാണ്, നമ്മുടെ ലഹരി’ എന്നത് നാം ഓര്‍ക്കണമെന്ന് അവര്‍ പറഞ്ഞു.
വനിത കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീലക്ഷ്മി ശരണ്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.എസ്.ആര്‍.ടി.സി, ഡി.ടി.ഒ ഷിജു, ജില്ലാ ജനറല്‍ സെക്രട്ടറി പാറശ്ശാല സന്തോഷ്, ട്രഷറര്‍ ബിജുധനന്‍, വനിതാ കോണ്‍ഗ്രസ്-ബി ജില്ലാ പ്രസിഡന്റ് സുജലക്ഷ്മി, ജനറല്‍ സെക്രട്ടറി ബിന്ദു ബാബു, യൂത്ത് ഫ്രണ്ട്-ബി ജില്ലാ പ്രസിഡന്റ് നിബുദാസ്, കെ.ടി.യു.സി-ബി ജില്ലാ പ്രസിഡന്റ് അജികുമാര്‍ മറ്റ് നിയോജകമണ്ഡലം ഭാരവാഹികള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തകര്‍ ഈ പരിപാടിയുടെ ഭാഗമായിരുന്നു. തുടര്‍ന്ന് സെന്റ് സേവിയേഴ്‌സ് കോളേജ്, തുമ്പയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ തെരുവ് നാടകം ഏറെ ശ്രദ്ധേയമായിരുന്നു.