കോഴിക്കോട്: മാപ്പിള പാട്ടിനെ ജനകീയമാക്കിയതില്‍ മുഖ്യ പങ്ക് വി.എം കുട്ടിയുടേതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേളി- കേരളയുടെ നേതൃത്വത്തില്‍ കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച വി.എം കുട്ടി ഒന്നാം സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.ടി സ്‌കൂള്‍ കലോത്സവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ യഥാര്‍ത്ഥ മാപ്പിള പാട്ടുകള്‍ ഇല്ലാതാകുമായിരുന്നു. ഇതിനായാണ് മത്സരങ്ങളില്‍ പല നിബന്ധനകളും കൊണ്ടുവന്നത്. പല പാരമ്പര്യ കലകളുടെയും സ്ഥിതി ഇതു തന്നെയാണ്. വി.എം കുട്ടിയുടെ ഇടപെടലില്‍ മാപ്പിള പാട്ടിന്റെ ജനകീയത വര്‍ധിച്ചു. പാട്ടിലും ചിത്രരചനയിലും മറ്റും ഏറെ പ്രശസ്തി ഉണ്ടായിട്ടും ആളുകളോട് നല്ല രീതിയില്‍ പെരുമാറിയ വ്യക്തിത്വമായിരുന്നു വി.എം കുട്ടിയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു.
കെ.ഇ.എന്‍ കുഞ്ഞഹമ്മദ് സാംസ്‌ക്കാരിക പ്രഭാഷണം നടത്തി. മിത്തോക്രസിയും ഓട്ടോക്രസിയും കൂടി നമ്മുടെ നാട് ഭരിക്കുന്ന ഒരു കാലത്ത്, തന്റെ കലയിലൂടെ മതനിരപേക്ഷതയെ സമൂഹത്തിന് മനസ്സിലാക്കി കൊടുത്ത വ്യക്തിത്വമായിരുന്നു വി.എം കുട്ടിയെന്ന് കെ.ഇ.എന്‍ അഭിപ്രായപ്പെട്ടു. മുഴുവന്‍ മനുഷ്യരുടെയും മനസ്സ് ഏതുസമയത്തും ജീര്‍ണത പൊങ്ങിവരാവുന്ന അവസ്ഥയിലായെന്നും അദ്ദേഹം പറഞ്ഞു. കേളി – കേരള പ്രസിഡന്റ് ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. ആശ സെക്രട്ടറി കെ.കെ അബ്ദുസലാം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജ്യന്‍ ട്രഷറര്‍ രാമചന്ദ്രന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. കേളി കേരള ജനറല്‍ സെക്രട്ടറി കെ.പി.യു അലി സ്വാഗതവും പ്രകാശ് പൊതായ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗായകന്‍ ഫൈസല്‍ എളേറ്റിലിന്റെ നേതൃത്വത്തില്‍ വി.എം കുട്ടിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഐ.പി സിദ്ദിഖ്, മണ്ണൂര്‍ പ്രകാശ്, എം.എ ഗഫൂര്‍, വിളയില്‍ ഫസീല, മുക്കം സാജിത, സീന രമേശ്, അനാമിക സിത്തു, ഹാരിസ് കാലിക്കറ്റ് എന്നിവര്‍ ഒരുക്കിയ സംഗീത വിരുന്നും ഉണ്ടായിരുന്നു.