കോഴിക്കോട്: വിദ്യാര്‍ഥികളില്‍ ലഹരിക്കെതിരായ ചിന്തകള്‍ വാര്‍ത്തെടുത്ത് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ലഹരിവിരുദ്ധ പ്രചരണം. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രചരണ പരിപാടി വിദ്യാര്‍ഥികളുടെ പൂര്‍ണ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലഹരിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അവരുടെ അറിവുകളും ധാരണകളും പങ്കുവച്ചു. ലഹരിയുടെ ദൂഷ്യവശങ്ങള്‍, അവയുണ്ടാക്കുന്ന ശാരീരിക-മാനസിക-സാമൂഹിക പ്രയാസങ്ങള്‍ എന്നിവയെ കുറിച്ച് റിട്ട. എക്സൈസ് ഉദ്യോഗസ്ഥന് എ.സി കരുണാകരന് ക്ലാസെടുത്തു.
ലഹരിക്കെതിരായ ബോധവല്‍ക്കരണം, ജാഗ്രത, കരുതല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പ്രചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. ലഹരി അവബോധ മൊബൈല്‍ എക്സിബിഷന് വാഹനവും ഇതിന്റെ ഭാഗമായി സ്കൂളില്‍ എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന വിവരണങ്ങളും ലഹരി അവബോധ വീഡിയോ പ്രദര്‍ശനവും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തില്‍ ഒരുക്കിയ എക്സിബിഷന് കണ്ടിറങ്ങിയ വിദ്യാര്‍ഥികള്‍ അവരവരുടെ ആരോഗ്യപരമായ ലഹരികളെ കണ്ടെത്താന്‍ പരിശ്രമിക്കുകയും ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. ദീപ, പ്രധാനധ്യാപിക ഷൈനി ജോസഫ്, മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.