25ാമത് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 23 മുതല്‍ 27 വരെ കോഴിക്കോട്ട്; ലോഗോ പ്രകാശനം നാളെ

25ാമത് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 23 മുതല്‍ 27 വരെ കോഴിക്കോട്ട്; ലോഗോ പ്രകാശനം നാളെ

കോഴിക്കോട്: ഇന്റര്‍നാഷണല്‍ ഫൂട്ട് വോളി ഫെഡറേഷന്റെയും ഏഷ്യന്‍ ഫൂട്ട് വോളി ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഫൂട്ട്‌വോളി ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 25ാമത് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് 2023 ഫെബ്രുവരി
23 മുതല്‍ 27 വരെ കോഴിക്കോട് ബീച്ചില്‍ നടത്താന്‍ തീരുമാനിച്ചതായി സംഘാടകരായ ഫൂട്ട് വോളി അസോസിയേഷന്‍ കേരള അറിയിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം നാളെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, മൈ ജി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍ എ.കെ ഷാജിക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കും.

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. നരസിംഗുഹാരി ടി.എല്‍ റെഡി മുഖ്യതിഥിയാകും. മുന്‍ എം.എല്‍.എ എ.പ്രദീപ് കുമാര്‍ , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം അബ്ദു റഹിമാന്‍ , സംഘാടക സമിതി ട്രഷറര്‍ കെ.വി അബ്ദുള്‍ മജീദ്, ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ് , കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്ല മാളിയേക്കല്‍ എന്നിവര്‍ സന്നിഹിതരാകും.

ഇതാദ്യമായാണ് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും ഒടുവില്‍ ചാമ്പ്യന്‍ഷിപ്പ് 2019 ഡിസംബറില്‍ തായ്‌ലാന്റില്‍ വച്ചാണ് നടന്നത്. അമേരിക്ക, ജര്‍മനി, ബ്രസീല്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള പുരുഷ -വനിതാ മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇതില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ 2023 മാര്‍ച്ചില്‍ ചെന്നൈയില്‍ നടക്കുന്ന ഏഷ്യന്‍ ബീച്ച് ചാമ്പ്യന്‍ഷിപ്പിലും പങ്കാളികളാകും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ചാമ്പ്യന്‍ഷിപ്പ് കേരളത്തില്‍ പ്രത്യേകിച്ച് കായിക പ്രേമികളുടെ നാടായ കോഴിക്കോട് നടത്തുന്നതിന്റെ ആവേശത്തിലാണ് സംഘാടകര്‍. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന രീതിയിലാകും ചാമ്പ്യന്‍ഷിപ്പ് ആസൂത്രണ ചെയ്യുകയെന്ന് ഫൂട്ട്‌വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *