ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി

ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി

  • കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഇ-ഗെയിമിങ് ഫെഡറേഷന്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ പാസാക്കി. ബില്‍ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ്‌നാട്ടില്‍ നിയമവിരുദ്ധമാകും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ നിയമം. ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങളുടെ ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിയമം ശുപാര്‍ശ ചെയ്യുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിങ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുതെന്നും നിയമം വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഓണ്‍ലൈന്‍ ഗെയിമിങ് നിക്ഷേപകരുടെ സംഘടനയായ ഇ-ഗെയിമിങ് ഫെഡറേഷന്‍ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യും. കഴിവും പ്രാഗത്ഭ്യവും മാനദണ്ഡമായ ഓണ്‍ലൈന്‍ കളികള്‍ ചൂതാട്ടമായി കണക്കാക്കാനാകില്ലെന്നും ഇത് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതാണെന്നുമാണ് ഇവരുടെ വാദം.
ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങള്‍ക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമടക്കം ഇരുപതിലേറെപ്പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.എം.കെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ട ഓഡിനന്‍സിനെപ്പറ്റി ആലോചിച്ചത്. തുടര്‍ന്ന് നിരോധനം ശക്തമായി നടപ്പിലാക്കുന്നതിനായി നിയമ നിര്‍മാണത്തെപ്പറ്റിയും ആലോചിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *