അധ്യക്ഷനായി ഖാര്‍ഗെ 26ന് ചുമതലയേല്‍ക്കും; രാഹുല്‍ ഗാന്ധി 25ന് ഡല്‍ഹിയില്‍

അധ്യക്ഷനായി ഖാര്‍ഗെ 26ന് ചുമതലയേല്‍ക്കും; രാഹുല്‍ ഗാന്ധി 25ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ മാസം 26ന് ചുമതലയേല്‍ക്കും. 26ന് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാകും മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുക. എ.ഐ.സി.സി ആസ്ഥാനത്തായിരിക്കും ഔദ്യോഗിക പരിപാടികള്‍. ഖാര്‍ഗെക്ക് മുന്നിലുള്ള ആദ്യ കടമ്പ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ്. പുതിയ അധ്യക്ഷന്‍ വന്ന് ഒരു മാസത്തിനകം പ്ലീനറി സെഷന്‍ ചേരണമെന്നാണ് ചട്ടം. പ്ലീനറി സെഷനില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം. 11 പേര്‍ തിരഞ്ഞെടുപ്പിലൂടെയും 12 പേരെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്തുമാണ് വരേണ്ടത്. തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഖാര്‍ഗെ നേരത്തെ പറഞ്ഞിരുന്നു. ശശി തരൂരും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 12 ശതമാനത്തോളം വോട്ട് ലഭിച്ച സാഹചര്യത്തില്‍ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന പേരുകളിലൊന്നാവാനാണ് തരൂരിന് ആഗ്രഹം. തിരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ട് നേടിയ തരൂര്‍ ദേശീയ തലത്തില്‍ ഭാരവാഹിത്വങ്ങളില്‍ അവകാശവാദം ഉന്നയിച്ചേക്കും. പ്രവര്‍ത്തക സമിതി, വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ പരിഗണന തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി 25ന് ഡല്‍ഹിയില്‍ എത്തും.

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 9385 വോട്ടുകളില്‍ 7897 ഉം നേടിയാണ് ഖര്‍ഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 416 വോട്ടുകള്‍ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *