പൊട്ടാതെ കാക്കാം പശ്ചിമഘട്ടം; മാപ്പത്തോണിന് കൂടരഞ്ഞിയില്‍ തുടക്കം

പൊട്ടാതെ കാക്കാം പശ്ചിമഘട്ടം; മാപ്പത്തോണിന് കൂടരഞ്ഞിയില്‍ തുടക്കം

കോഴിക്കോട്: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍, സംസ്ഥാന ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പിങ് – മാപ്പത്തോണിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലയിലെ മാപ്പത്തോണ്‍ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് മാപ്പത്തോണ്‍. ഐ.ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മാപ്പത്തോണ്‍ പ്രക്രിയയിലുള്‍പ്പെടുത്തി ഉപഗ്രഹ ചിത്രങ്ങളുടേയും നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണമായി കണ്ടെത്തി മാപ് ചെയ്താണ് പ്രവര്‍ത്തനം നടത്തുന്നത്.

ജില്ലയിലെ പശ്ചിമഘട്ട മലനിരകള്‍ ഉള്‍ക്കൊള്ളുന്ന 14 പഞ്ചായത്തുകളിലാണ് നീര്‍ച്ചാലുകളുടെ മാപ്പിങ് നടത്തുന്നത്. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, വാണിമേല്‍, വളയം, ചെക്യാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് ഈ മാപ്പിങ് നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലും നേതൃത്വത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

നീര്‍ച്ചാല്‍ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രണ്ടാംഘട്ടം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ഹരിതകേരളം മിഷന്റേയും സഹായത്തോടെ ജനകീയ പിന്തുണ കൂടി ഉറപ്പുവരുത്തി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പശ്ചിമഘട്ട പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു പകരം പശ്ചിമഘട്ട പ്രദേശത്തെ സുരക്ഷിത ജീവിതം സാധ്യമാകുന്ന പ്രദേശമായി മാറ്റിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് മാപ്പിങ് നടത്തുന്നത്.

മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന നവകേരളം കര്‍മപദ്ധതി കോട്ടയം ജില്ലാ ടീമിലെ ശരത്ചന്ദ്രന്‍, പാര്‍വ്വതി എസ്.കുറുപ്പ്, ഐ.ടി മിഷന്‍ പ്രതിനിധികളായ ശ്രീലക്ഷ്മി ബി.ജി, സി.ബിനോയി, നവകേരളം കര്‍മപദ്ധതി കോഴിക്കോട് ടീമിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് മാപ്പിങ് നടത്തുന്നത്.

പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ്.പി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം സീന ബിജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി ജോസഫ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് പി.എസ്, നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ ഡോണ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *