കെ. രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാഞ്ജലിയുമായി കോഴിക്കോട് നഗരം

കെ. രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാഞ്ജലിയുമായി കോഴിക്കോട് നഗരം

കോഴിക്കോട്: പാട്ടിന്റെ വലയെറിഞ്ഞ് ആസ്വാദകരുടെ മനസ്സില്‍ സംഗീതത്തിന്റെ ഇതിഹാസം തീര്‍ത്ത കെ. രാഘവന്‍ മാസ്റ്റര്‍ക്ക് സംഗീതമേ ജീവിതം ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഗാനാഞ്ജലി. ടൗണ്‍ ഹാളില്‍ സംഗീമെ ജീവിതം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ ‘ശ്യാമ സുന്ദര പുഷ്പമേ ഗാന’ വിരുന്നൊരുക്കിയാണ് ഒമ്പതാം ചരമ വാര്‍ഷികം ആചരിച്ചത്. കെ.രാഘവന്‍ മാസ്റ്ററുടെ എക്കാലത്തെയും ഹിറ്റുകളൊന്നായ കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന ഗാനം കെ.രാഘവന്‍ മാസ്റ്ററുടെ മകന്‍ ആര്‍.കനകാംബരന്‍ പാടിയാണ് ഗാനാഞ്ജലിയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മഞ്ജുഭാഷിണി മണിയറയില്‍ ഗാനവുമായി ചലച്ചിത്ര പിന്നണി ഗായകന്‍ വിശ്വന്‍, മാനത്തെ കായലിന്‍ .ഗാനവുമായി കെ.കെ സാജനും, അസീസ് അഹദോന്റെ എന്ന ഗാനവും പാടി കഴിയുമ്പോഴേക്കും ടൗണ്‍ ഹാളില്‍ തിങ്ങി നിറഞ്ഞ ആസ്വാദകര്‍ പാട്ടിന്റെ ഒരു കാലഘട്ടത്തിലെ ഓര്‍മകളില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു. കിളിവാതിലില്‍ മുട്ടി വിളിച്ചത്, കരിമുകില്‍ കാട്ടിലെ, എല്ലാരും ചൊല്ലണ് ,ഓത്ത് പള്ളീലന്ന് നമ്മള്‍, നിസരി സോളമന്‍, നാദാപുരം പള്ളിയിലെ… എന്നിവ പാടി കഴിയുമ്പോള്‍ നിലക്കാത്ത കൈയ്യടികള്‍ ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ‘അപ്പോളും പറഞ്ഞില്ലെ… ഗാനം പാടി ഗാനാഞ്ജലി അവസാനിപ്പിച്ചിട്ടും ഹാള്‍ വിട്ടൊഴിയാതെ ആസ്വദകരും നിന്നു.

പാട്ടിന്റെ ഇടവേളകളില്‍ റേഡിയോ ആര്‍ട്ടിസ്റ്റ് ഗീതാ ദേവി വാസുദേവന്‍, ആര്‍.കനകാംബരന്‍ , എഴുത്തുകാരി മീനാക്ഷി , ഓടക്കുഴല്‍ വാദകന്‍ ഫ്രാന്‍സിസ് രാജു എന്നിവര്‍ രാഘവന്‍ മാസ്റ്ററുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. ഗാനാഞ്ജലിയില്‍ കീ ബോര്‍ഡ്-ഹരിദാസ് , ഗിറ്റാര്‍-ഇ.കെ സോമന്‍ , തബല – സന്തോഷ്, ഓടക്കുഴല്‍ -ഫ്രാന്‍സിസ് രാജു , റിഥം പാഡ് – അസീസ്, ബേസ് ഗിറ്റാര്‍ റിനില്‍ എന്നിവര്‍ പിന്നണിയില്‍ അണിനിരന്നു. സംഗീതമേ ജീവിതം ഫൗണ്ടേഷന്‍ ഡയരക്ടര്‍മാരായ അഡ്വ. അബ്ദുല്‍ അസീസ്, കെ.കെ സാജന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *