വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണക്ക് മുന്നില്‍ സര്‍ക്കാരിന് തലകുനിക്കേണ്ടിവരും: പ്രൊഫ.എം.പി മത്തായി

വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണക്ക് മുന്നില്‍ സര്‍ക്കാരിന് തലകുനിക്കേണ്ടിവരും: പ്രൊഫ.എം.പി മത്തായി

കാക്കനാട്: ജനശക്തിക്ക് മുന്നില്‍ തലകുനിക്കാത്ത ഭരണാധികാരികള്‍ ഒരു കാലത്തും ദീര്‍ഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗാന്ധിയനുമായ പ്രൊഫ. എം.പി മത്തായി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം ഐക്യദാര്‍ഢ്യസമിതി എറണാകുളം കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധികാരത്തിനു മുന്നില്‍ എല്ലാ ഭരണാധികാരികളും കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. വിഴിഞ്ഞം സമരം പരാജയപ്പെടാന്‍ വിധിക്കപ്പെട്ട സമരമാണെന്ന് ചിന്തിക്കുന്ന മൂഢ സ്വര്‍ഗത്തില്‍ വസിക്കുന്ന അധികാരികള്‍ പ്രതിരോധസമരങ്ങളുടെ ശക്തി മനസ്സിലാക്കി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് പാലക്കപ്പിള്ളി, കെ.ആര്‍.എല്‍.സി.ബി.സി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്, മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ , കെ.ആര്‍.എല്‍.സി.സി സെക്രട്ടറി പി.ജെ തോമസ്, വര്‍ക്കേഴ്‌സ് ഇന്‍ഡ്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോയ് ഗോതുരുത്ത്, കെ.എല്‍.സി.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ പോള്‍, സമിതി കണ്‍വീനര്‍ റോയ് പാളയത്തില്‍, ഫാ.പോള്‍ കൊപ്രമാടന്‍, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി, ദിനേശന്‍ പി.എം, എ.എ.പി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ പ്രൊഫ.ലെസ്ലി പള്ളത്ത്, യു.ടി.എ സംസ്ഥാന കണ്‍വീനര്‍ ബാബു തണ്ണിക്കോട്ട്, മദ്യവിരുദ്ധ സമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്‍.ആര്‍ മോഹന്‍കുമാര്‍ , കെ.സി.വൈ.എം പ്രസിഡന്റ് ആഷ്‌ലിന്‍ പോള്‍, കെ.എല്‍.സി ഡ.ബ്ല്യു.എ പ്രസിഡന്റ് മേരി ഗ്രേസ്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സദഖത്ത് ബാബു ആന്റണി, ബേസില്‍ മുക്കത്ത്, സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന്റെ ഭാഗമായി രാവിലെ കാക്കനാട് മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ നിന്ന് പ്രകടനത്തില്‍ പതിനെട്ടോളം സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നലെ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *