മരം കൊണ്ടുള്ള താല്‍ക്കാലിക പാലത്തിലൂടെയുള്ള യാത്രയ്ക്ക് വിട; കുറ്റ്യാടി കടന്തറപുഴയ്ക്ക് കുറുകെ ഇരുമ്പുപാലം ഉയര്‍ന്നു

മരം കൊണ്ടുള്ള താല്‍ക്കാലിക പാലത്തിലൂടെയുള്ള യാത്രയ്ക്ക് വിട; കുറ്റ്യാടി കടന്തറപുഴയ്ക്ക് കുറുകെ ഇരുമ്പുപാലം ഉയര്‍ന്നു

കുറ്റ്യാടി: കടന്തറപുഴ രൗദ്രഭാവംപൂണ്ടാലും ചെമ്പനോടയില്‍ നിന്ന് സെന്റര്‍മുക്കിലേക്കും തിരിച്ചും കിലോമീറ്ററുകള്‍ താണ്ടാതെ ഇനി സമാധാനത്തോടെ യാത്ര ചെയ്യാം. ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കരയിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടിയോളം രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്.

ഇരുവശത്തും രണ്ട് തൂണുകളായുള്ള പാലത്തിന് 45 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുണ്ട്. പുഴയുടെ തറ നിരപ്പില്‍ നിന്ന് 3.5 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളക്കായിരുന്നു (സില്‍ക്ക്) നിര്‍മാണച്ചുമതല. പാലത്തിന് മുകളില്‍ സോളാര്‍ സ്ഥാപിച്ച് ലൈറ്റ് ലഭ്യമാക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ കെ.എസ്.ഇ.ബിയുമായി ചര്‍ച്ചകളും നടത്തി.

അപ്രോച്ച് റോഡിന്റെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാവാനുള്ളത്. മരുതോങ്കര പഞ്ചായത്തിന്റെ ഭാഗത്ത് പാലത്തില്‍ നിന്ന് റോഡിലേക്കെത്താന്‍ ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ട് സ്ഥലം ലഭ്യമാക്കി പാതയൊരുക്കി. പ്രദേശവാസികള്‍ തന്നെ വിട്ടുനല്‍കിയ സ്ഥലത്ത് കൂടിയാണ് റോഡ് നിര്‍മിച്ചത്. സെന്റര്‍ മുക്ക് ഭാഗത്ത് കുറച്ച് സ്ഥലം കൂടി വിട്ടുകിട്ടുന്നതോടെ വലിയ വാഹനം പോകുന്ന പാതയൊരുക്കാനാകും. നേരത്തേയുള്ള ടാര്‍ചെയ്ത റോഡ് റീടാര്‍ ചെയ്ത് നവീകരിക്കും. ജനുവരിയോടെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാണ് തീരുമാനം.

ചക്കിട്ടപ്പാറ-മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പ്രത്യേകതളേറെയാണ്. രണ്ട് പഞ്ചായത്തുകള്‍ക്കു പുറമേ പേരാമ്പ്ര-കുറ്റ്യാടി നിയോജക മണ്ഡലങ്ങളെയും കൊയിലാണ്ടി-വടകര താലൂക്കുകളെയും പാലം ബന്ധിപ്പിക്കുന്നു. നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ സ്മരണാര്‍ത്ഥം പാലം നാടിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
പുതിയ ഇരുമ്പ് പാലം നാടിന് സമര്‍പ്പിക്കുന്നതോടെ കാല്‍നടയ്ക്ക് പകരം വാഹനത്തില്‍ പുഴകടക്കാന്‍ സാധിക്കുമെന്നതിനാല്‍ ചെമ്പനോടഭാഗത്തുനിന്ന് പശുക്കടവ് ഭാഗത്തേക്ക് ഉള്‍പ്പെടെയുള്ള യാത്രയും എളുപ്പമാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *