വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണം: സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ

വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണം: സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ

ചണ്ഡിഗഡ്: ഗുജറാത്ത്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര കക്ഷികള്‍ യോജിച്ചു മത്സരിക്കണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വര്‍ഗീയതക്കെതിരേയുള്ള വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കും ഉണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.

പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര പരിപാടികള്‍ നടത്തും. തൊഴിലും ജീവനും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരദേശവാസികള്‍ വിഴിഞ്ഞത്ത് നടത്തുന്ന സമരത്തിന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയബായി നിരാഹാരം ഇരിക്കേണ്ടി വരുന്നത് അപമാനകരമാണെന്നും സത്യഗ്രഹം നടത്തുന്ന വന്ദ്യ വായോധികയായ ദയബായിയെ സന്ദര്‍ശിക്കാനോ അവരുമായി ചര്‍ച്ചകള്‍ നടത്തണോ തയാറാവാത്ത കേരള സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള മുഖ്യമന്ത്രിയെ പാര്‍ട്ടി ദേശീയ നേതാക്കള്‍ സന്ദര്‍ശിക്കും.

ചണ്ഡീഗഡ് ഗുജ്ജര്‍ ഭവനില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ തമ്പാന്‍ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. സന്ദീപ് പാണ്ഡെ, നൂറുല്‍ അമീന്‍, മഹിന്ദര്‍ സിംഗ് മനശായിയാ, ഡോക്ടര്‍ സൂചിത കുമാര്‍, മനോജ് ടി.സാരംഗ്, തെഹ്‌സീന്‍ അഹ്മദ്, ടോമി മാത്യു, ഹസ്സന്‍ ദേശായ്, ബി.എസ് ബേഡി, ലിംഗപ്പ ദേവരായ, ബാല്‍രാജ് സിംഗ് നാഗ്വാള്‍, പ്രൊഫ അംബിക റെഡ്ഡി , ജഗഡിഷ് ടിടോല്‍ക്കര്‍, പ്രൊഫ ഹനുമന്ത, മുഹമ്മദ് അഹ്മദ്, അപ്പാ സഹീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളായി ചണ്ഡിഗഡ് ഗുജര്ഭവനില്‍ നടന്നുവരുന്ന ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് സമാപിക്കും. ഇന്ന് വൈകുന്നേരം പഞ്ചാബിലെ കര്‍ഷക നേതാക്കളുമായി സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ പ്രസിഡന്റ് തമ്പാന്‍തോമസ് ചര്‍ച്ചകള്‍ നടത്തും. ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സന്ദീപ് പാണ്ഡേ, സോഷ്യലിസ്റ്റ് കിസാന്‍ സഭ പ്രസിഡന്റ് കേശവറാവു, ഹരിന്ദര്‍ സിംഗ് മന്‍സയിയാ, അഡ്വ. ജോഗിന്‍ഡര്‍ സിംഗ് തുടങ്ങിയവരും പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *