ക്ഷീര മേഖല സ്വയംപര്യാപ്തതയിലേക്ക് അടുക്കുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ക്ഷീര മേഖല സ്വയംപര്യാപ്തതയിലേക്ക് അടുക്കുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ക്ഷീര വികസന വകുപ്പ്, കോഴിക്കോട് കോര്‍പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംയുക്തമായി നടത്തിയ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വര്‍ഷത്തെ പ്രതിവര്‍ഷ പാലുല്‍പാദനം 25,34,000 മെട്രിക് ടണ്‍ ആണ്. ലക്ഷക്കണക്കിന് ഗ്രാമീണര്‍ക്ക് തൊഴില്‍ നല്‍കുകയും ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒന്നായി മാറാന്‍ ക്ഷീര മേഖലക്ക് സാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ ക്ഷീരമേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ക്ഷീരകര്‍ഷകര്‍ക്ക് ഉയര്‍ന്ന പാല്‍വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. കന്നുകാലി പ്രദര്‍ശനം, ഡയറി എക്‌സിബിഷന്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ഡയറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ആദായകരമായ ക്ഷീരോല്‍പാദനം, കന്നുകാലി രോഗങ്ങളും നിവാരണവും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.

നടുവട്ടം ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ നഗരാസൂത്രണകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, കോര്‍പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ നാസര്‍, ക്ഷീരവികസനവകുപ്പ് ഡെ.ഡയറക്ടര്‍ രശ്മി ആര്‍, ക്ഷീരവികസന ഓഫീസര്‍ സനില്‍കുമാര്‍. പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്ഷീരസഹകരണ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *