കോഴിക്കോട് : സംസ്ഥാനത്ത് ഇടത്-വലത്-ബിജെപി മുന്നണികള്‍ക്കെതിരായ നാലാമതൊരു മുന്നണി രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമായി. കാര്‍ഷിക മേഖലയിലെ നിരവധി സംഘടനകള്‍, പിന്നോക്ക-ദലിത് രംഗത്തെ അറുപതോളം സംഘടനകള്‍ ഉള്‍പ്പെടുത്തി വിശാലമായ ഒരു സംവിധാനമാണ് രൂപംകൊള്ളുന്നത്.
ഇതിനായി ആലപ്പുഴ, കോട്ടയം, ഈരാറ്റുപേട്ട, എന്നിവിടങ്ങളില്‍ സംഘടനാ നേതാക്കള്‍ ഒത്തുചേരുകയും പ്രാഥമിക രൂപകല്‍പ്പന തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
കേരള രാഷ്ട്രീയരംഗത്ത് നിര്‍ണ്ണായകമാവുന്ന ഒരു ജനകീയ ബദലിനാണ് രൂപം കൊടുക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നത്.
ഇടത്-വലത് മുന്നണികള്‍ക്ക് മാറി,മാറി വോട്ട് ചെയ്ത ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും മതേതര കാഴ്ചപ്പാടുള്ള കേരളജനത ബിജെപിയുടെ നയങ്ങള്‍ തിരസ്ക്കരിക്കുമെന്നും ഒരു ഉന്നതനേതാവ് പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. കേരളത്തില്‍ ബദല്‍ രാഷ്ട്രീയം വളര്‍ന്നു വരേണ്ടത് സംസ്ഥാനത്തെ ജനങ്ങളുടെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി. പിന്നോക്ക-ദളിത്-കര്‍ഷകമുന്നേറ്റത്തിലൂടെ മാത്രമേ കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാക്കാന് സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.