കോഴിക്കോട് : ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ് ഓഫ് ഡിസേബിള്‍ഡ് (എന്‍.പി.ആര്‍.ഡി) ഡിഫ്റൻലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫൗണ്ടേഷൻ (ഡി എ ഡബ്ല്യൂ എഫ്)ന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 7ന് കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തുമെന്ന് എന്‍.പി.ആര്‍.ഡി ദേശീയ ജോയിന്റ് സെക്രട്ടറി ഗിരീഷ് കീര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റെല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് സാമ്പത്തികമായും, സാമൂഹികമായും, ശാരീരികമായും ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരോട് അവഗണനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
കോവിഡ് ധനസഹായമായി പ്രഖ്യാപിച്ച തുകപോലും ആര്‍ക്കും ലഭ്യമായിട്ടില്ല. തൊഴിലും ജീവനോപാതിയും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ഭിന്നശേഷി സമൂഹത്തെ സംരക്ഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാര്‍ക്കായി സമഗ്ര കോവിഡ് പാക്കേജ് അനുവദിക്കുക, കോവിഡ് കാലഘട്ടത്തില്‍ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും പ്രതിമാസം 5000രൂപ ധനസഹായമനുവദിക്കുക, ഇന്ധനവിലവര്‍ദ്ധനവ് പിന്‍വലിക്കുക, മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നതെന്ന് എന്‍.പി.ആര്‍.ഡി ദേശീയ കമ്മറ്റി അംഗം ഓമനലത പറഞ്ഞു. രവീന്ദ്രനാഥന്‍ എം.പി, ഫെബിന വി.പി എന്നിവര്‍ സംബന്ധിച്ചു.