ഉംറ തീർഥാടന വിലക്ക് താൽക്കാലികം

ഉംറ തീർഥാടന വിലക്ക് താൽക്കാലികം

ജിദ്ദ: കോവിഡ് 19 (കൊറോണ) സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ പുറപ്പെടുവിച്ച ഉംറ തീർഥാടന വിലക്ക് താൽക്കാലികം മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. ഈ നടപടി നിരന്തരം പുനഃപരിശോധനക്ക് വിധേയമാക്കുമെന്നും സുരക്ഷിതമെന്ന് ഉറച്ചുവരുന്ന നിമിഷംതന്നെ വിലക്ക് നീക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെയും അന്താരാഷ്ട്ര സംഘടനകളുടെ, പ്രത്യേകിച്ച് ലോകാരോഗ്യ സംഘടനയുടെ നടപടികളെ പിന്തുണച്ചാണ് ഈ നിർണായക തീരുമാനമെടുത്തതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിെൻറ മുന്നോടിയായി ചില ചുവടുവെപ്പുകൾ നേരേത്ത എടുത്തിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽനിന്നുള്ളവർക്ക് ഉംറ തീർഥാടനവും മദീന സന്ദർശനവും നേരേത്തതന്നെ തടഞ്ഞിരുന്നു. ടൂറിസം വിസയിലെത്തുന്നവർക്കും മക്ക, മദീന സന്ദർശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവർക്കും മക്ക, മദീന സന്ദർശനത്തിന് താൽക്കാലിക നിരോധനമേർപ്പെടുത്തി. കൂടാതെ ദേശീയ തിരിച്ചറിയൽ കാർഡുപയോഗിച്ച് മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും ഉംറ തീർഥാടനവും മദീന സന്ദർശനവും വിലക്കിയിരുന്നു. മക്കയിലും മദീനയിലും ആളുകളെത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തിയത് മുഴുവനാളുകളുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ചാണ്. ഇരു ഹറമുകളും വലിയ ജനക്കൂട്ടത്തിന് സാക്ഷിയാകുന്ന സ്ഥലങ്ങളാണ്. ഇവിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഏറെ പ്രധാനമാണ്. കോവിഡിന്റെ വ്യാപനം തടയുന്നതിന് രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികളിൽ പ്രധാനപ്പെട്ടതാണിത്.രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് പരമാവധി സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ സ്വീകരിക്കുന്ന നടപടികളാണിവയെല്ലാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *