കോഴിക്കോട് : കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സിപിസിആര്‍എ) കൃഷിവകുപ്പിന്റെ അംഗീകാരമുള്ള നഴ്സറികളില്‍ നിന്നുള്ള അത്യുല്‍പ്പാദനശേഷിയുള്ള തെങ്ങിന് തൈകളാണെന്ന വ്യാജേന പല ജില്ലകളിലും തെങ്ങിന് തൈകള്‍ വില്‍പ്പന നടത്തുന്നുണ്ട്. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം ഉല്‍പ്പാദിപ്പിക്കുന്ന തെങ്ങിന് തൈകള്‍ ആ സ്ഥാപനത്തിന്റെ കായംകുളം, കാസര്‍കോഡ്,എന്നിവിടങ്ങളിലെ ഫാമുകളള് മുഖേനയും, കൃഷിവകുപ്പിന്റെ ഫാമുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന തെങ്ങിന് തൈകള്‍ അതാത് ഫാമുകളിലൂടെയും, കൃഷിഭവനുകളിലൂടെയുമാണ് വിതരണം ചെയ്യുന്നത്. നാളികേര വികസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ അതാത് കൃഷി ഭവനുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. സിപിസിആര്‍ഐ കൃഷി വകുപ്പ് അംഗീകൃതം എന്ന പേരില്‍ തെങ്ങിന് തൈ വില്ക്കുന്നവരുടെ വലയില്‍ വീഴരുതെന്നും ഇത്തരത്തിലുള്ള വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ കൃഷിഭവനുകളില്‍ വിവരമറിയിക്കണമെന്നും കൃഷിഡയറക്ടര് അറിയിച്ചു.