കോഴിക്കോട്: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍, പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ക്കായിരുന്നു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര്‍ സമീര്‍ കിഷന്‍ നിര്‍വഹിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അഷ്‌റഫ് കാവില്‍ അധ്യക്ഷത വഹിച്ചു. മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 എന്ന വിഷയത്തില്‍ ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ എന്‍.കൃഷ്ണകുമാര്‍ ക്ലാസ് നയിച്ചു. സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവര്‍ നടപ്പിലാക്കുന്ന വയോജന പദ്ധതികളെക്കുറിച്ച് സാമൂഹ്യ സുരക്ഷാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.പി മുഹമ്മദ് ഫൈസല്‍ വിശദീകരിച്ചു.
എല്‍ഡര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍ വിനീത് വിജയന്‍ സംസാരിച്ചു. മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ഇന്ദു വിശദീകരിച്ചു. കുടുംബശ്രീ അംഗങ്ങള്‍, പാരാ ലീഗല്‍ വളണ്ടീയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ബി.രംഗരാജ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സി.വി നിഷാന്ത് നന്ദിയും പറഞ്ഞു.